പൊങ്ങിപ്പരക്കുന്ന ജലത്തിന് വഴികാണിക്കുക

Posted on: August 13, 2019 1:31 pm | Last updated: August 13, 2019 at 1:31 pm

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇതാ ഇത്തവണയും പ്രളയം. വര്‍ഷംതോറും ഇനി പ്രളയത്തില്‍ മുങ്ങുമോ കേരളം എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഉരുള്‍പൊട്ടലില്‍ ഒരു കുന്ന് പൂര്‍ണമായും ഒഴുകിപ്പോകുന്നു, മരങ്ങള്‍ കടപുഴകി വീണ് ഹൈവേകളില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്നു, മലവെള്ളപ്പാച്ചില്‍, എവിടെയും വെള്ളക്കെട്ട്, വീടുകള്‍ വെള്ളത്തില്‍ മുങ്ങി പോകുന്നു, ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍, ദുരിതം തന്നെ ദുരിതം.
കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരിതത്തെ നാം ഒരുമ കൊണ്ട് നേരിട്ടു. ഈ വര്‍ഷവും നാം ഒന്നിച്ചു നിന്ന് ഈ ദുരിതക്കയത്തില്‍ നീന്തുകയാണ്. വരും വര്‍ഷങ്ങളിലും നമുക്ക് ഇത് തുടരേണ്ടി വരും, അത് നമ്മുടെ നന്മ. ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം. ഒപ്പം ഈ ദുരന്തത്തിലേക്ക് നാം എങ്ങനെ നയിക്കപ്പെട്ടു എന്ന് ചിന്തിക്കുന്നതും നന്നാകും.
നമ്മുടെ കുന്നുകള്‍ തുരന്നെടുത്ത് ചതുപ്പു നിലങ്ങള്‍ നികത്തുന്നതും പാറകള്‍ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നാം കണ്ടതാണ്. കുന്നുകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളം അരിച്ചിറങ്ങി മാസങ്ങള്‍ കൊണ്ട് താഴെ തട്ടില്‍ എത്തി താഴ്‌വാരങ്ങളില്‍ ജലസമൃദ്ധി നല്‍കുന്നതിനെക്കുറിച്ച് നമുക്കറിയാം. നമ്മുടെ ചതുപ്പ് നിലങ്ങളും തണ്ണീര്‍ത്തടങ്ങളും മഴവെള്ളത്തെ പിടിച്ചെടുത്ത് സമീപ പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനെ കുറിച്ചും നമുക്ക് അറിയാം. കുന്നിടിച്ച് ചതുപ്പ് നികത്തുന്നതിലൂടെ രണ്ട് ജലലഭ്യതാ സാധ്യതകളാണ് നമ്മുടെ നാടിന് നഷ്ടപ്പെടുന്നത്. തുരന്നെടുത്തതിന്റെ ബാക്കിപത്രമായ കുന്നുകള്‍ അടിവേര് ദ്രവിച്ച വന്‍മരം പോലെ, മഴ പെയ്യുമ്പോള്‍ താഴേക്ക് ഉരുള്‍പൊട്ടല്‍ ആയി പതിക്കുന്നു.

നിരവധി നീര്‍ച്ചാലുകളും തോടുകളും അരുവികളും പുഴകളും കുളങ്ങളും കിണറുകളും നിറഞ്ഞതായിരുന്നു നമ്മുടെ നാട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമായി ജലനിര്‍ഗമന മാര്‍ഗങ്ങള്‍ മിക്കവയും നാം അടച്ചു പൂട്ടി സീല്‍ വെച്ചു. ഒഴുകിപ്പോകാന്‍ മാര്‍ഗം കാണാത്ത ജലം എങ്ങോട്ടെന്നറിയാതെ പൊങ്ങി പരക്കുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെയ്തിരുന്ന മഴയേക്കാള്‍ വലിയത് ഒന്നുമല്ല ഇപ്പോള്‍ പെയ്യുന്നത് എന്ന് സ്ഥിതിവിവരക്കണക്ക് നോക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. രണ്ട് മഴ കനത്തു പെയ്താല്‍ നാശം വിതക്കാന്‍ പാകത്തില്‍ നാം നമ്മുടെ ജലവിഭവ പരിസ്ഥിതിയെ മാറ്റിമറിച്ചു എന്നതല്ലേ സത്യം?
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് ആലോചിക്കാന്‍ ഇതുതന്നെയല്ലേ അനുയോജ്യമായ സന്ദര്‍ഭം?
ജല നിര്‍ഗമന മാര്‍ഗങ്ങള്‍ കൊട്ടിയടക്കുന്നത് കര്‍ശനമായി നിരോധിക്കണം. നേരത്തെ അടച്ചുപൂട്ടിയവ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരമാവധി നടത്തണം.

ഖനനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഇല്ലാതെ നടക്കുമോ എന്ന് മറുചോദ്യം ഉയരാം. നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ മൂന്നായി തിരിക്കാന്‍ കഴിയും. അനാവശ്യമായവക്ക് അനുമതി നിഷേധിക്കുകയും ആവശ്യമായവക്ക് പരിമിതമായ അനുമതി നല്‍കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണം. എന്നാല്‍ ആവശ്യവും അനാവശ്യവും “എന്റെ പാര്‍ട്ടി, നിന്റെ പാര്‍ട്ടി’ എന്ന് നോക്കി വിവേചിക്കുന്നത് കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാക്കും. പരിസ്ഥിതി വിഷയങ്ങളില്‍ എങ്കിലും നാളെയുടെ നന്മയെ കണക്കാക്കി രാഷ്ട്രീയ പക്ഷപാതങ്ങള്‍ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകണം.

കുന്നിന്‍ പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ഉണ്ടാകണം. വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ തന്നെ മറ്റു പല പ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളില്‍ അവക്ക് അനുയോജ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത്. നമ്മുടെ കുന്നിന്‍ പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കുകയും അത് കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം.
ഇങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ പറയാനും പ്രവര്‍ത്തിക്കാനും ഒരുപാട് ഉണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍ തന്നെ നാളെകളില്‍ ദുരിതം ആവര്‍ത്തിക്കാതിരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും നാം അവസരം ഉപയോഗിക്കും എന്ന് പ്രത്യാശിക്കാം.

(വനമിത്ര പുരസ്‌കാര ജേതാവ്)