Sports
മിയാന്‍ദാദിന്റെ ലോകറെക്കോര്‍ഡ് കോലി മായ്ച്ചു

ന്യൂഡല്‍ഹി: ഇരുപത്താറ് വര്‍ഷം പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് സ്വന്തമാക്കി അഹങ്കരിച്ച റെക്കോര്‍ഡ് വിരാട് കോലിക്ക് മുന്നില്‍ പഴങ്കഥയായി. ഏകദിന ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇനി വിരാട് കോലിയാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ മിയാന്‍ദാദിന്റെ റെക്കോര്‍ഡിലേക്ക് വിരാടിന് വേണ്ടിയിരുന്നത് പത്തൊമ്പത് റണ്‍സ് മാത്രം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അഞ്ചാം ഓവറില്‍ ഡീപ് ബാക്ക് വാര്‍ഡ് പോയിന്റിലേക്ക് വിരാട് കോലി സിംഗിളെടുത്തതോടെ റെക്കോര്‍ഡ് പേരിലായി. ജാവേദ് മിയാന്‍ദാദ് 64 ഇന്നിംഗ്‌സുകളില്‍ നേടിയ 1930 റണ്‍സ് 34 ഇന്നിംഗ്‌സുകളിലാണ് കോലി മറികടന്നത്.
മഴ മുടക്കിയ ആദ്യ ഏകദിനത്തില്‍ വിരാട് കോലിക്ക്ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം ഏകദിനത്തില്‍ കോലിയിലേക്ക് ക്രിക്കറ്റ് ലോകം ഉറ്റുനോക്കി. വിന്‍ഡീസിനെതിരെ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ കോലി 106 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു.
വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ ആസ്‌ത്രേലിയന്‍ ഇതിഹാസം മാര്‍ക് വോയാണ്.
1708 റണ്‍സാണ് സ്റ്റീവ് വോയുടെ സഹോദരനായ മാര്‍ക് വോ അടിച്ച്കൂട്ടിയത്. 1666 റണ്‍സടിച്ച ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ്, 1624 റണ്‍സടിച്ച റമീസ് രാജ, 1573 റണ്‍സടിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് പിറകിലുള്ളത്.
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ധവാനെ (2) സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വെക്കും മുമ്പ് നഷ്ടമായി. രോഹിത് ശര്‍മ (18), റിഷഭ് പന്ത് (20) എന്നിവര്‍ പുറത്തായി.
32 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ഇന്ത്യക്ക്. എണ്‍പത് റണ്‍സുമായി കോലിയും 30 റണ്‍സുമായി ശ്രേയസ് അയ്യരും ക്രീസിലുണ്ട്.
വിന്‍ഡീസ് ബൗളിംഗ് നിരയില്‍ ഷെല്‍ഡന്‍ കോട്രല്‍, കെമാര്‍ റോച, ജാസന്‍ ഹോള്‍ഡര്‍, ഓഷാനെ തോമസ്, റോസ്റ്റന്‍ ചേസ്, കാര്‍ലോസ് ബ്രാതൈ്വറ്റ് എന്നിവര്‍ പന്തെടുത്തു. ഷെല്‍ഡനും റോസ്റ്റനും കാര്‍ലോസിനും ഓരോ വിക്കറ്റ്.