Connect with us

Cover Story

മക്കയിലേക്കുള്ള കടൽപ്പാത

Published

|

Last Updated

പെരുവള്ളൂർ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍

“അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അല്ലാഹു അക്ബർ അല്ലാഹു അക്ബർ”

കൂട്ട വാങ്കിന്റെ ഉച്ചത്തിലുള്ള ശബ്ദം ഇന്നും കാതിൽ കേൾക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലാതെയാണ്. മഹല്ല് വിടുമ്പോഴും ബോംബെയിലേക്ക് തീവണ്ടിയിൽ കയറുമ്പോഴും ബോംബെയിൽ നിന്ന് കപ്പൽ കയറുമ്പോഴും യാത്രയാക്കാൻ വന്നവർ കൂട്ടവാങ്ക് വിളിക്കും. ആ കൂട്ടവാങ്ക് വിളിയുടെ അലയൊലികൾ ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല 1970ൽ കപ്പലിൽ ഹജ്ജിന് പോയ പെരുവള്ളൂർ മുഹമ്മദ് കുട്ടി മുസ്‌ലിയാർക്ക്. പെരുവള്ളൂർ കൊല്ലം ചിനയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന പ്രമുഖ പണ്ഡിതൻ പെരുവള്ളൂർ മുഹമ്മദ് കുട്ടി മുസ്‌ലിയാർക്ക് 85 വയസ്സ് പിന്നിട്ടെങ്കിലും ജീവിതത്തിലെ ധന്യമായ ആ ദിനരാത്രങ്ങളുടെ നിമിഷമോരോന്നും കൺമുന്നിലുണ്ട്.

മൂന്ന് മാസം
നീണ്ട യാത്ര

അന്ന് 740 രൂപയായിരുന്നു ബോംബെയിൽ നിന്ന് ജിദ്ദയിലേക്കുള്ള കപ്പൽ നിരക്ക്. ഹജ്ജിന് അവസരമുണ്ടായത് നിയോഗമായിരുന്നുവെന്ന് മുഹമ്മദ് കുട്ടി മുസ്‌ലിയാർ പറയുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമൊന്നിച്ച് രണ്ട് വർഷം ഒ കെ ഉസ്താദിന്റെ ദർസിലും ശേഷം രണ്ട് വർഷം വെല്ലൂർ ബാഖിയാത്തിലും പഠിച്ചിരുന്നു. വെല്ലൂരിലെ പഠനം പൂർത്തിയാക്കിയപ്പോൾ കാന്തപുരം ഉസ്താദ് മുൻകൈ എടുത്ത് തന്റെ നാടായ പൂനൂർ ജുമുഅ മസ്ജിൽ മുദർരിസായി നിയമിച്ചു. പൂനൂർ മഹല്ലിലെ രണ്ട് പള്ളികളിലായി അഞ്ച് വർഷത്തിലേറെ ദർസ് നടത്തിയിട്ടുണ്ട്. എപ്പോഴും പള്ളിയിൽ ഉണ്ടാകാറുള്ള പൗര പ്രധാനി നിങ്ങൾക്ക് ഹജ്ജിന് പോകാൻ ആഗ്രഹമില്ലേ എന്ന് ചോദിക്കുകയും പോകുകയാണെങ്കിൽ പണം തരാമെന്ന് പറയുകയും ചെയ്തിരുന്നു. അപ്പോൾ അതത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ അദ്ദേഹം ഇടക്കിടെ അത് ഓർമിപ്പിച്ചിരുന്നു. പിന്നെ അവിടെ നിന്ന് മാറി മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽ പാറ ജുമുഅ മസ്ജിദിൽ മുദർരിസായി. എങ്കിലും പൂനൂരുമായും നാട്ടുകാരുമായും പ്രസ്തുത ഹാജിയുമായും നല്ല സ്‌നേഹബന്ധമായിരുന്നു. എപ്പോഴും കത്തിടപാടുകൾ നടത്തുകയും ഒഴിവുണ്ടാകുമ്പോൾ അവിടെ പോകുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. 1970ലാണ് ഹജ്ജിന് പോകണമെന്ന ആഗ്രഹം ജനിക്കുന്നത്. അന്നത്തെ ശമ്പളം 75 രൂപയായിരുന്നു. മൂന്നിയൂരിലെ മാളിയേക്കൽ അബ്ദുർറഹ്മാൻ മാസ്റ്ററും ഞാനും കൂടിയാണ് അപേക്ഷ നൽകിയത്. അടുത്ത ദിവസം തന്നെ പൂനൂരിലെ ഹാജിയെ ഇക്കാര്യം അറിയിച്ചു. അദ്ദേഹം 800 രൂപ തന്നു. അങ്ങനെ യാത്രക്കുള്ള ഒരുക്കങ്ങളായി. മറ്റു ചെലവുകൾക്കടക്കം 1500 രൂപയാണ് കരുതിയത്.
അക്കാലത്ത് ഹജ്ജിന് പ്രത്യേകം വിമാനമുണ്ടായിരുന്നില്ല. ഹാജിമാർക്ക് സാധാരണ വിമാനങ്ങളിൽ പോകാമെന്ന് മാത്രം. അതിനാകട്ടെ ഭീമമായ ചെലവ് വരും. പിന്നെ ഏക മാർഗം കപ്പൽ. കോഴിക്കോട് നിന്ന് ബോംബെയിലേക്ക് തീവണ്ടിയിൽ പോകണം. അവിടെ നിന്നാണ് രേഖകളെല്ലാം ശരിയാക്കേണ്ടതും പണം കൈമാറാണ്ടേതും. അതിന് മുസാഫർ ഖാനയിൽ ദിവസങ്ങളോളം തങ്ങേണ്ടി വരും. മുഹമ്മദി, മുഖറഫി, സഊദി എന്നീ കപ്പലുകളായിരുന്നു അന്ന് ഹജ്ജ് യാത്രക്കുണ്ടായിരുന്നത്. ഞങ്ങളുടെ യാത്ര മുഹമ്മദിയിലായിരുന്നു. റമസാൻ 26ന് വീട്ടിൽ നിന്ന് പുറപ്പെട്ട ഞങ്ങൾ ദുൽഹിജ്ജ 29നാണ് തിരിച്ചെത്തുന്നത്. മൂന്ന് മാസത്തെ യാത്ര. ശഅബാനിലും അതിന് മുമ്പും ഹജ്ജ് യാത്ര തുടങ്ങാറുണ്ട്. കപ്പൽയാത്ര ഒമ്പത് ദിവസമായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലാതെയാണ്.

ഒമ്പത് ദിവസം നീണ്ട കടൽയാത്ര

1500 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും ഹാജിമാർ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അന്നുണ്ടായിരുന്നു. ജമാഅത്തായുള്ള നിസ്‌കാരത്തിനും ദിക്‌റിനും ഹദ്ദാദിനും സ്വലാത്തിനും സാരോപദേശത്തിനുമെല്ലാം സൗകര്യമുണ്ട്. സമയത്ത് ഭക്ഷണം. യാത്രക്കാർക്ക് അസുഖമുണ്ടായാൽ ഡോക്ടർമാരും നഴ്‌സുമാരും ഓടിയെത്തും. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കാസർകോടുകാരൻ കപ്പലിൽ വെച്ച് മരിച്ചു. ദിവസങ്ങൾ കഴിഞ്ഞേ കരയിലെത്തുകയുള്ളൂ എന്നതിനാൽ കപ്പലിൽ വെച്ച് തന്നെ മയ്യിത്ത് കുളിപ്പിച്ച് നിസ്‌കാരം നിർവഹിച്ച ശേഷം കടലിൽ താഴ്ത്തുകയാണ് ചെയ്തത്. ഒമ്പത് ദിവസത്തെ യാത്രക്ക് ശേഷം ജിദ്ദയിൽ ഇറങ്ങി. അന്ന് അവിടത്തെ മുസാഫർഖാനിൽ താമസിച്ച് പിറ്റേ ദിവസം ബസ് മാർഗം മക്കയിലേക്ക് പോയി. ഹജ്ജിന് ഇനിയും രണ്ട് മാസത്തോളമുണ്ട്. മക്കയിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇശാ മഗ്‌രിബിന് ഇടയിൽ നടക്കുന്ന ദർസ് പ്രശസ്തമായിരുന്നു. പ്രഗത്ഭരായ പണ്ഡിതന്മാരാണ് ദർസ് നടത്തിയിരുന്നത്. സയ്യിദ് മുഹമ്മദ് മാലികിയുടെ പിതാവായ സയ്യിദ് അലവി മാലികി, അമീൻ ഖുതുബ് എന്നീ പണ്ഡിതൻമാരുടെ ദർസിൽ കുറെ ദിവസം ഇരിക്കാൻ അവസരമുണ്ടായി. മാലികി മദ്ഹബിലെ അക്കാലത്തെ കിടയറ്റ പണ്ഡിതൻമാരായിരുന്നു ഇരുവരും. വളരെ ആദരപൂർവം ഇവരെ ഇരിപ്പിടത്തിലേക്ക് കൊണ്ടുവരുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. സ്വഹീഹുൽ ബുഖാരിയും പ്രസിദ്ധ അറബി വ്യാകരണ ശാസ്ത്രഗ്രന്ഥമായ ഇബ്‌നു മാലികിയുടെ അൽഫിയ്യയുമായിരുന്നു പ്രധാന ക്ലാസ്. അറബികളും വിവിധ രാജ്യക്കാരുമായ പ്രായം ചെന്നവരടക്കം വലിയ പണ്ഡിതന്മാരടങ്ങുന്നവരാണ് പഠിതാക്കൾ.

ആ രണ്ട് ഉസ്താദുമാരുമായി പരിചയപ്പെട്ടു. ഞാൻ കേരളക്കാരനാണെന്നറിഞ്ഞ പാടെ അമീൻ ഖുതുബ് എന്നോട് ചോദിച്ചു: “അ തഅരിഫു മുഹമ്മദ് കുട്ടി മുസ്‌ലിയാർ കൂത്തക്കൽ (കോട്ടക്കലിലെ മുഹമ്മദ് കുട്ടി മുസലിയാരെ അറിയുമോ?)”. അക്കാലത്തെ വിശ്രുത പണ്ഡിതനായ കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാരെ കുറിച്ചാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അമൂല്യമായ നിരവധി കിതാബുകൾ രചിച്ച കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാർ പൊന്നാനി സൈനുദ്ദീൻ മഖ്ദൂമിന്റെ മുർശിദുത്തുല്ലാബ് എന്ന ഗ്രന്ഥത്തിന് മൂന്ന് വാല്യങ്ങളുള്ള വിശദീകരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്. “മുഉലിമു ഉലിൽ അൽബാബ്” എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതിയത് സയ്യിദ് അലവി മാലികിയും അമീൻ ഖുതുബുമാണ്.

മക്കയിലെ ജബൽ അബീ ഖുബൈസ് എന്ന പർവതത്തിന്റെ മുകളിൽ കയറിയാലുള്ള കാഴ്ച ഏറെ ആകർഷണീയമാണ്. ആ മലയുടെ മുകളിൽ നിന്ന് നോക്കിയാൽ മസ്ജിദുൽ ഹറാമും അവിടത്തെ ത്വവാഫുമെല്ലാം കാണാം. ഏതാനും ദിവസം മക്കയിൽ നിന്നതിന് ശേഷം വിശുദ്ധ മദീനയിലേക്ക് പോയി. വിശ്വാസിയായ ഏതൊരാൾക്കും ജീവിതത്തിൽ ലഭിക്കുന്ന അനിർവചനീയ ഭാഗ്യം. മസ്ജിദുന്നബവിയിൽ മുത്ത് നബിയുടെ ചാരത്തായി റൗളയിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഇരിക്കും. അന്ന് റൗളയിൽ വെച്ച് ഒരു യമനീ പണ്ഡിതനെ പരിചയപ്പെട്ടു. ശാഫിഈ മദ്ഹബുകാരനായ അദ്ദേഹം അന്ന് യമനിൽ അറിയപ്പെട്ട മുദർരിസാണ്. സംസാരിച്ച കൂട്ടത്തിൽ പൊന്നാനി സൈനുദ്ദീൻ മഖ്ദൂമിന്റെ കർമശാസ്ത്രഗ്രന്ഥമായ ഫത്ഹുൽ മുഈനിനെ കുറിച്ച് അദ്ദേഹം വാചാലനായി. ഞങ്ങൾ കർമശാസ്ത്രത്തിന്റെ വല്ല വിഷയങ്ങളിലും അവസാനമായി അവലംബിക്കൽ ഫത്ഹുൽ മുഈനിനെയാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇസ്‌ലാമിക ചൈതന്യം കേട്ടപ്പോൾ അദ്ദേഹത്തിന് ആശ്ചര്യമായി. ഇന്ത്യയിൽ മുസ്‌ലിംകൾ വിശ്വാസാചാരങ്ങൾ പരിപാലിച്ച് വരുന്നുവെന്നും കേരളത്തിൽ പള്ളി ദർസുകളും ദീനീ സ്ഥാപനങ്ങളും വഅളുകളും നടത്തുന്നതിന് യാതൊരു വിധ തടസ്സവുമില്ലെന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിശ്വാസം വന്നില്ല. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയല്ലേ, അവർ മുസ്‌ലിം അല്ലല്ലോ എന്നായി അദ്ദേഹത്തിന്റെ സംശയം. മറ്റു രാജ്യങ്ങളെക്കാളേറെ സ്വാതന്ത്ര്യത്തിലും സന്തോഷത്തിലുമാണ് ഇന്ത്യയിൽ മുസ്‌ലിംകൾ കഴിയുന്നത്. ആരാധനാ കർമങ്ങൾക്കോ മത പ്രചാരണത്തിനോ യാതൊരു വിധ പ്രയാസവും ഇന്ത്യയിൽ ഇല്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സംശയമെല്ലാം തീർത്തു കൊടുത്തു.
രണ്ടാഴ്ചയിലേറെ മദീനയിൽ കഴിഞ്ഞു. പിന്നെ മക്കയിലേക്ക് തിരിച്ചു. ഹജ്ജിന്റെ ഒരുക്കങ്ങളായി. ആ വർഷത്തെ ഹജ്ജ് വെള്ളിയാഴ്ചയായതിനാൽ ഹജ്ജുൽ അക്ബർ ആയിരുന്നു. അന്ന് മക്കയിലും മദീനയിലുമെല്ലാം ഇന്നത്തെ പോലെ വിപുലമായ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പറയത്തക്ക പ്രയാസങ്ങൾ അനുഭവപ്പെട്ടില്ല. ഭക്ഷണം സ്വന്തമായി ഉണ്ടാക്കാൻ സ്റ്റൗവും അരിയും മറ്റും കൂടെ കൊണ്ടുവന്നിരുന്നു. ഞാൻ അത്യാവശ്യം കാര്യങ്ങൾക്ക് മാത്രമേ കൈയിലുള്ള പണം ചെലവാക്കിയിരുന്നുള്ളൂ. ബാക്കി വന്ന കാശ് കൊണ്ട് കുറച്ച് കിതാബുകൾ വാങ്ങി. പിന്നീട് ഉംറക്കും സിയാറത്തിനുമായി രണ്ട് തവണ മക്കയിലും മദീനയിലും പോയിട്ടുണ്ട്. പ്രമുഖ പണ്ഡിതനായ മാട്ടിൽ മൊയ്തീൻ കുട്ടി മുസ്‌ലിയാരുടെയും ഇത്താച്ചുമ്മയുടെയും മകനായ പെരുവള്ളൂർ മുഹമ്മദ് കുട്ടി മുസ്‌ലിയാർ 1963ൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബാഖവി ബിരുദം നേടി. പൂനൂർ, മൂന്നിയൂർ കളത്തിങ്ങൽപാറ, കൊളപ്പുറം സൗത്ത് എന്നിവിടങ്ങളിൻ നീണ്ട കാലം ദർസ് നടത്തിയിട്ടുണ്ട്.

ഹമീദ് തിരൂരങ്ങാടി
• sirajtgi@gmail.com

Latest