ആശങ്കയൊഴിയുന്നു?; കേരളത്തില്‍ നിന്ന് കനത്ത മേഘാവരണം മാറുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted on: August 11, 2019 9:23 pm | Last updated: August 12, 2019 at 9:21 am

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കനത്ത മേഘാവരണം മാറുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ വരും ദിവസങ്ങളിലും
കനത്ത മഴ പെയ്യുമെന്ന ആശങ്കയൊഴിഞ്ഞതായാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്‌തേക്കും. തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട്, ആഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ട് തുടരും.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്തേക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും മൂന്നര മുതല്‍ 3.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചു.