തോളില്‍ രണ്ടു കുഞ്ഞുങ്ങളെയുമേന്തി പ്രളയ ജലത്തിലൂടെ ഒന്നര കിലോമീറ്റര്‍; താരമായി പോലീസുകാരന്‍

Posted on: August 11, 2019 7:58 pm | Last updated: August 11, 2019 at 10:31 pm

ഗാന്ധിനഗര്‍: കുത്തിയൊലിച്ചെത്തിയ പ്രളയ ജലത്തിലൂടെ രണ്ട് കുഞ്ഞുങ്ങളേയും തോളിലേന്തി ആ പോലീസുകാരന്‍ നടന്നു. അരക്കൊപ്പമെത്തിയ വെള്ളത്തിലൂടെ ഒന്നരക്കിലോമീറ്റര്‍ ദൂരം നടന്ന അദ്ദേഹം കുട്ടികളെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഗുജറാത്തിലെ അഹമ്മദാബില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലാണ് സംഭവം. ഗുജറാത്തിലെ പോലീസ് കോണ്‍സ്റ്റബിളായ പൃഥ്വിരാജ് സിംഗ് ജഡേജയാണ് കഥാനായകന്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി വി എസ് ലക്ഷ്മണും പോലീസുകാരന്റെ അതിസാഹസികമായ സത്പ്രവൃത്തിയെ അഭിനന്ദിച്ചു. പൃഥ്വിരാജിന്റെ മാതൃകാപരമായ സമര്‍പ്പണത്തിനും ധൈര്യത്തിനും അഭിവാദ്യമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്ത് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.