നെഹ്‌റുവിനെ ക്രിമിനലെന്ന് അധിക്ഷേപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍

Posted on: August 11, 2019 6:13 pm | Last updated: August 11, 2019 at 9:47 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ക്രിമിനലെന്ന് അധിക്ഷേപിച്ച് ബി ജെ പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീരുമായി ബന്ധപ്പെട്ട 370ാം അനുച്ഛേദത്തെ പരാമര്‍ശിച്ചു സംസാരിക്കുമ്പോഴാണ് നെഹ്‌റുവിനെ ചൗഹാന്‍ അധിക്ഷേപിച്ചത്. നെഹ്‌റു രണ്ടു കുറ്റകൃത്യങ്ങള്‍ ചെയ്തതായി ചൗഹാന്‍ ആരോപിച്ചു.

‘പാക് അധീന കശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം മുന്നേറുന്ന സമയത്ത് പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ഇതിലൊന്ന്. കുറച്ചു ദിവസം കൂടി വെടിനിര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍ മുഴുവന്‍ കശ്മീരും നമ്മുടെതാകുമായിരുന്നു. നെഹ്‌റുവിന്റെ അനുചിതമായ നടപടി മൂലമാണ് കശ്മീരിന്റെ മൂന്നിലൊന്നു ഭാഗം പാക്കിസ്ഥാന്റെ കയ്യിലായത്. കശ്മീരില്‍ 370ാം അനുച്ഛേദം നടപ്പിലാക്കിയതാണ് നെഹ്‌റു ചെയ്ത രണ്ടാമത്തെ കുറ്റം. ഒരു രാജ്യത്ത് രണ്ട് ഭരണഘടന, രണ്ട് ഭരണം, രണ്ട് ഭരണാധികാരികള്‍ എന്നിവ എങ്ങനെയാണ് ഉണ്ടാവുക. ഇത് അനീതി മാത്രമല്ല, രാജ്യത്തോടുള്ള കുറ്റകൃത്യം കൂടിയാണ്- ചൗഹാന്‍ പറഞ്ഞു.

ഇതാദ്യമായല്ല കശ്മീര്‍ വിഷയത്തില്‍ ബി ജെ പി നെഹ്‌റുവിനെ ആക്രമിക്കുന്നത്. നേരത്തെ, 370ാം വകുപ്പിനെ സംബന്ധിച്ച് പാര്‍ലിമെന്റില്‍ സംസാരിക്കവെ ആഭ്യന്തര മന്ത്രി അമിത് ഷായും നെഹ്‌റുവിനെ കടന്നാക്രമിച്ചിരുന്നു.