കശ്മീരിനെ കാത്തിരിക്കുന്നത് സിന്‍ജിയാംഗിന്റെ വിധി

ലോകവിശേഷം
Posted on: August 11, 2019 2:16 pm | Last updated: August 11, 2019 at 2:17 pm


ദേശ സുരക്ഷയുടെയും ഏകശിലാത്മകതയുടെയും ബലിക്കല്ലില്‍ കശ്മീരിന്റെ വ്യക്തിത്വവും ചരിത്രവും കൊല ചെയ്യപ്പെട്ടുവെന്നത് അംഗീകരിച്ചുകൊണ്ടു മാത്രമേ ഇനി മുന്നോട്ട് പോകാനാകുകയുള്ളൂ. ജനാധിപത്യത്തിന്റെ വേഷമണിഞ്ഞ് ഫാസിസം അതിന്റെ ഏറ്റവും ക്രൂരമായ ആവിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന ഇടമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ നിദര്‍ശനമായിരുന്നു കശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി എടുത്തു കളഞ്ഞതും ആ സംസ്ഥാനത്തെ വിഭജിച്ചതും. ഇന്ന് ജമ്മു- കശ്മീര്‍ എന്ന സംസ്ഥാനമേയില്ല. ഉള്ളത് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ്. എക്‌സിക്യൂട്ടീവ് അധികാരങ്ങളുള്ള ലഫ്റ്റനന്റ്ഗവര്‍ണര്‍ നയിക്കുന്ന നിയന്ത്രിത നിയമസഭയുണ്ടാകും ജമ്മു- കശ്മീര്‍ മേഖലയില്‍. ലഡാക്ക് സമ്പൂര്‍ണ കേന്ദ്ര ഭരണത്തിലായിരിക്കും. 370ാം വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. പാര്‍ലിമെന്റില്‍ വരും മുമ്പേ രാഷ്ട്രപതി ഒപ്പിട്ടു. ഇത്തരമൊരു നടപടിക്ക് കശ്മീര്‍ നിയമസഭയുടെ അനുമതി വേണമെന്നിരിക്കെ 371ാം വകുപ്പിലെ പ്രത്യേക അധികാരം ദുര്‍വ്യാഖ്യാനം ചെയ്താണ് രാഷ്ട്രപതിയെക്കൊണ്ട് അത് ചെയ്യിച്ചത്. പ്രതിപക്ഷത്തിന്റെ അനൈക്യത്തില്‍ 35 എ വകുപ്പും പോയി. ഫാസിസം മുന്നോട്ടുവെക്കുന്ന തീവ്ര ദേശീയ യുക്തികളുടെ ഒരു സവിശേഷത അതാണ്. ആര്‍ക്കും അതിനെ നിഷേധിക്കാനാകില്ല. അതിനെ ചോദ്യം ചെയ്താല്‍ നിങ്ങള്‍ ദേശവിരുദ്ധനായിത്തീരും. കോണ്‍ഗ്രസില്‍ നിന്ന് ഗുലാം നബി ആസാദ് എന്ന കശ്മീരിയുടെ അത്ര വീറോടെ മറ്റാരും 370നായി വാദിച്ചില്ലല്ലോ.
കശ്മീരില്‍ പുതുയുഗ പിറവിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞത്. കശ്മീരില്‍ ഇനി ആര്‍ക്കും മുതല്‍ മുടക്കാം. ആര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. രാജ്യത്തെ എല്ലാ ശുചീകരണ തൊഴിലാളികളും ക്ഷേമ നിധിക്ക് കീഴില്‍ വരുമ്പോള്‍ കശ്മീരില്‍ മാത്രം സാധിക്കില്ലായിരുന്നു.

ദളിതരുടെ സംരക്ഷണത്തിന് രാജ്യത്തെല്ലായിടത്തും നിയമമുണ്ട്. കശ്മീരില്‍ ഇല്ലായിരുന്നു. രാജ്യത്താകെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാണ്. കശ്മീരില്‍ ആ നിയമമില്ലായിരുന്നു. ഇനി എല്ലാം മാറും. ഇനി അവിടെ ആര്‍ക്കും ഭൂമി വാങ്ങാം. ആരുടെയും കുടുംബ സ്വത്തായിരിക്കില്ല കശ്മീര്‍. ഹാ എത്ര മനോഹരം! കശ്മീര്‍ വികസനത്തിന്റെ മലവെള്ളപ്പാച്ചിലില്‍ അകപ്പെടും. പാലും തേനും ഒഴുകും. സത്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. കശ്മീരില്‍ ഇനി പുറത്തു നിന്നുള്ള ലക്ഷോപലക്ഷങ്ങള്‍ താമസത്തിനെത്തും. അവര്‍ക്കെല്ലാം സര്‍ക്കാറിന്റെ അധികാര മുദ്രയുണ്ടാകും. അവിടെ കോടിക്കണക്കിന് രൂപയുടെ മുതല്‍മുടക്ക് നടക്കും. അടിമുടി മാറും. കേന്ദ്ര സര്‍ക്കാറിന്റെയും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെയും ആ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രം പേറുന്ന സംഘ്പരിവാരങ്ങളുടെയും രണ്ട് കണ്ണും ഇനി കശ്മീരിന് മേലുണ്ടാകും.

ചൈനയിലെ കശ്മീര്‍

അങ്ങനെ കണ്ണു വെച്ചാല്‍ ഒരു ഭൂവിഭാഗത്തിന്റെ സംസ്‌കാരത്തിനും മതത്തിനും സ്വയംഭരണ അവകാശങ്ങള്‍ക്കും എന്താണ് സംഭവിക്കുകയെന്നറിയാന്‍ ചൈനയിലെ സിന്‍ജിയാംഗിലേക്ക് നോക്കിയാല്‍ മതി. കശ്മീറുമായി വലിയ സമാനതകളുണ്ട് ഈ പ്രദേശത്തിന്റെ സ്ഥാനത്തിനും ചരിത്രത്തിനും വര്‍ത്തമാനത്തിനും. രണ്ടും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍. ചരിത്രത്തിലുടനീളം സ്വയംഭരണ ദാഹം സൂക്ഷിച്ച ജനത. തന്ത്രപ്രധാനമായ അതിര്‍ത്തി മേഖല. സവിശേഷ സ്വത്വബോധവും തീവ്രവാദ പ്രവണതയും കെട്ടുപിണഞ്ഞു കിടക്കുന്ന സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം. 16 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന തെക്കുകിഴക്കന്‍ പ്രവിശ്യയാണ് സിന്‍ജിയാംഗ്. ഉയ്ഗൂര്‍ വംശജരാണ് ഇവിടുത്തെ മുസ്‌ലിംകള്‍. സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയെന്നാണ് ഔദ്യോഗിക നാമം. ഇന്ത്യയിലെ ലേ, ടിബറ്റ്, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയവയാണ് ഈ മേഖലയുടെ അതിര്‍ത്തി. സുന്നി, സൂഫി പാരമ്പര്യമുള്ള ഇവര്‍ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യം പേറുന്നവരാണ്. ദീര്‍ഘകാലം പ്രത്യേക രാജ്യമായി നിലനിന്ന ഈ ഭൂവിഭാഗം 1949ല്‍ ചൈനയോട് ചേര്‍ക്കപ്പെടുമ്പോള്‍ സവിശേഷ പദവിയുടെ വലിയ വാഗ്ദാനങ്ങള്‍ തളികയില്‍ വെച്ച് നല്‍കി. സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയെന്ന് പേരുമിട്ടു. ഇവിടെയുള്ള മുസ്‌ലിം വംശത്തെ സൂചിപ്പിക്കുന്ന നാമമാണ് ഉയ്ഗൂര്‍. ഇന്ന് പേരില്‍ മാത്രമേ സ്വയംഭരണമുള്ളൂ. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വത്വ പ്രതിസന്ധി നേരിടുന്ന ജനതയായി ഇവിടുത്തെ മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. ഇടക്കാലത്ത് ഇവിടെ ഉയര്‍ന്നു വന്ന തീവ്രവാദ, വിഘടനവാദ പ്രവണതകള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഉരുക്കു മുഷ്ടി പ്രയോഗത്തിന് ന്യായീകരണമായി. പാക് ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളാണ് ഉയ്ഗൂര്‍ യുവാക്കളെ ചുടുചോറ് വാരിച്ചത്. ഫലമോ, അവരുടെ മതസ്വാതന്ത്ര്യം ക്രൂരമായി ഹനിക്കപ്പെട്ടു.

മുസ്‌ലിംകളുടെ നിസ്‌കാരം, നോമ്പ്, കൂട്ടുപ്രാര്‍ഥനകള്‍, മതസാഹിത്യങ്ങള്‍, താടി, തലപ്പാവ്, ആഘോഷങ്ങള്‍ എന്തിനേയും സംശയിക്കുകയാണ് ഭരണകൂടം. അവിടെ നോമ്പ് കാലത്ത് ഇറങ്ങുന്ന സര്‍ക്കുലറുകള്‍ എല്ലാ വര്‍ഷവും വാര്‍ത്തയാകാറുണ്ട്. മതം കര്‍ശനമായി ആചരിക്കുന്നവര്‍ക്കെതിരെ സര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കും. തീവ്രവാദ പ്രവണതയാകും കുറ്റം. തുറന്ന ജയിലില്‍ നല്ല നടപ്പിന് വിടും. ഇത്തരം തടവ് കേന്ദ്രങ്ങളാണ് ചൈനീസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. മതമാണ് പ്രശ്‌നമെന്ന മൂഢധാരണയില്‍ പെട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കുന്ന വിഡ്ഢിത്തങ്ങള്‍ക്ക് ആവശ്യത്തില്‍ കവിഞ്ഞ വാര്‍ത്താ പ്രധാന്യം നല്‍കുന്നുണ്ട് വെസ്റ്റേണ്‍ മീഡിയയും മനുഷ്യാവകാശ സംഘടനകളും. പക്ഷേ, സിന്‍ജിയാംഗിനെ വരുതിയിലാക്കാന്‍ ചൈനീസ് ഭരണകൂടം നടത്തിയ കുതന്ത്രങ്ങള്‍ ഒട്ടും അതിശയോക്തിയില്ലാത്ത വസ്തുതകളാണ്. കശ്മീരില്‍ കേന്ദ്ര ഭരണകൂടം നടപ്പാക്കാന്‍ പോകുന്നത് ഈ ചൈനീസ് മാതൃകയായിരിക്കും.

വികസനമാണ് ആയുധം

നരേന്ദ്ര മോദിയും അമിത് ഷായും കശ്മീരില്‍ വികസനം കൊണ്ടുവരുമെന്നാണല്ലോ പറയുന്നത്. അതുതന്നെയാണ് സിന്‍ജിയാംഗിലും സംഭവിച്ചത്. രാജ്യത്തെ ഏറ്റവും സമ്പന്നവും വികസിതവുമായ മധ്യ, പൂര്‍വ തീരമേഖലയുമായി സിന്‍ജിയാംഗിനെ ബന്ധിപ്പിക്കാന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ റെയില്‍ ശൃംഖല പണിതു. കോടിക്കണക്കിന് ഡോളര്‍ ഇതിനായി ഇടിച്ചു തള്ളി. 1980 കളില്‍ തുടങ്ങുകയും 1990കളില്‍ പാരമ്യത്തില്‍ എത്തുകയും ചെയ്ത സിന്‍ജിയാംഗ്, ടിബറ്റ് വികസന അജന്‍ഡയുടെ ഭാഗമായി മേഖലയിലെ ജി ഡി പി നിരക്ക് കുത്തനെ ഉയര്‍ന്നു. ഔദ്യോഗിക കണക്കനുസരിച്ച് 1978 മുതല്‍ 2018 വരെ വളര്‍ച്ചാ നിരക്കില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായി. 2017ല്‍ ഇവിടുത്തെ വളര്‍ച്ചാനിരക്ക് 7.2 ശതമാനമായിരുന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നോര്‍ക്കണം.

ഇതോടൊപ്പം മറ്റൊന്ന് കൂടി സംഭവിച്ചു. കറകളഞ്ഞ ചൈനീസ് വംശജരായ ഹാന്‍ വിഭാഗക്കാരെ വന്‍തോതില്‍ മേഖലയിലേക്ക് കടത്തി വിട്ടു.

സർവീസിലിരിക്കുന്നവരും വിരമിച്ചവരുമായ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രമുഖര്‍, ആയോധന മുറകളില്‍ കഴിവു തെളിയിച്ചവര്‍ തുടങ്ങിയവരെ കുടുംബങ്ങളടക്കം സിന്‍ജിയാംഗിലേക്ക് പറിച്ചു നടുകയായിരുന്നു. ടിബറ്റിലേക്കും സമാനമായ ഔദ്യോഗിക അധിനിവേശമുണ്ടായി. സിന്‍ജിയാംഗിലായിരുന്നു ഇത് ഏറ്റവും പ്രകടമായത്. ഇങ്ങനെ വന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പരിരക്ഷയും ഒരുക്കി. പൊന്നു വിളയുന്ന ഭൂമി പതിച്ചു നല്‍കി. 1950കളിലാണ് ഈ കുടിയേറ്റം തുടങ്ങിയത്. തുടക്കത്തില്‍ തദ്ദേശീയരായ ഉയ്ഗൂറുകളും ടര്‍ക്കുകളും ഖസാക്കുകളും ചില ചെറുത്തുനില്‍പ്പുകള്‍ നടത്തിയിരുന്നു. ഇവയെല്ലാം സംഘര്‍ഷങ്ങളില്‍ കലാശിച്ചു. ചെറിയ ഉരസലുകളെ പോലും അത്യന്തം ക്രൂരമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഇത്തരം അസ്വാഭാവിക കുടിയേറ്റം (അധിനിവേശം) നടന്നിടത്തെല്ലാം ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെപ്പോലും ദേശവിരുദ്ധ പ്രവര്‍ത്തനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഹാനുകള്‍ക്ക് എല്ലാ നിയമപരിരക്ഷയും ലഭിച്ചപ്പോള്‍ ഉയ്ഗൂറുകള്‍ യാതൊരു വിചാരണയും കൂടാതെ ജയിലിലടക്കപ്പെട്ടു. തടവു കേന്ദ്രങ്ങളില്‍ അവരുടെ ചോര വീണു കൊണ്ടിരുന്നു. ഒടുവില്‍ എല്ലാ ചെറുത്തു നില്‍പ്പുകളും അപ്രസക്തമായി. സ്വന്തം മണ്ണില്‍ രണ്ടാം തരം പൗരന്‍മാരായി ഉയ്ഗൂറുകള്‍ അധഃപതിക്കുകയായിരുന്നു.

പട്ടണ പ്രദേശങ്ങള്‍ മുഴുവന്‍ ഹാന്‍ വംശജര്‍ കൈയടക്കി. അപ്പോഴേക്കും മേഖലയിലെ പ്രധാന വരുമാന മാര്‍ഗം ടൂറിസമായിക്കഴിഞ്ഞിരുന്നു. പരമാവധി ടൂറിസ്റ്റുകളെ മേഖലയിലെത്തിക്കുകയെന്നത് സര്‍ക്കാറിന്റെ നയമായിരുന്നു. ആഭ്യന്തര ടൂറിസത്തിനായിരുന്നു മുന്‍ഗണന. പരിഷ്‌കൃത ഭാഷ സംസാരിക്കുന്ന ഹാനുകള്‍ ടൂറിസ്റ്റുകളുടെ സഹായികളും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുമായി. വികസനത്തിന്റെ വെള്ളി വെളിച്ചത്തില്‍ തദ്ദേശീയര്‍ കൂടുതല്‍ അപകര്‍ഷത്തില്‍ അകപ്പെടുകയാണ് ചെയ്തത്. അവരുടെ വേഷവും ഭാഷയും ഭക്ഷണവും ആചാരങ്ങളുമെല്ലാം അപഹസിക്കപ്പെട്ടു. തൊഴില്‍ മേഖല മുഴുവന്‍ ഹാന്‍ വംശജര്‍ കൈയടക്കി. “സാംസ്‌കാരിക സംഘട്ടന’ത്തില്‍ മാനസികമായും ശാരീരികമായും മുറിവേറ്റ യുവാക്കളില്‍ ചിലര്‍ പലായനം ചെയ്തു. മിക്കവരും നിസ്സഹായരും നിസ്സംഗരുമായി. ചിലര്‍ സര്‍ക്കാറിന്റെ ആളുകളായി. സ്വയം ഭരണത്തിന്റെ പഴയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിക്കാന്‍ ഇന്ന് അവര്‍ക്ക് കരുത്തില്ല.

അട്ടിമറിക്കപ്പെട്ട ജനസംഖ്യാ ഘടന

1949ലാണ് സിന്‍ജിയാംഗില്‍ ആദ്യ ഔദ്യോഗിക സെന്‍സസ് നടന്നത്. അന്ന് 4.87 മില്യണായിരുന്നു പ്രവിശ്യയിലെ മൊത്തം ജനസംഖ്യ. അതില്‍ 75 ശതമാനവും ഉയ്ഗൂര്‍ മുസ്‌ലിംകളായിരുന്നു. ഹാന്‍ ജനംസംഖ്യ വെറും ആറ് ശതമാനം. 1964 ആയപ്പോഴേക്കും ജനസംഖ്യ 7.44 മില്യണിലേക്ക് കുതിച്ചുയര്‍ന്നു. അപ്പോഴും ഉയ്ഗൂറുകള്‍ തന്നെയായിരുന്നു ഭൂരിപക്ഷം- 54 ശതമാനം. എന്നാല്‍ മൊത്തം ജനസംഖ്യയില്‍ ഹാനുകള്‍ 33 ശതമാനമായി മാറി. 2000ത്തില്‍ മൊത്തം ജനസംഖ്യ 18.6 മില്യണായി ഉയര്‍ന്നപ്പോള്‍ ഉയ്ഗൂറുകളുടെ ശതമാനം 45ലേക്ക് താഴ്ന്നു. മിക്ക നഗരങ്ങളും ഇന്ന് ഹാന്‍ ഭൂരിപക്ഷ കേന്ദ്രങ്ങളായിരിക്കുന്നു.

സിന്‍ജിയാംഗിലും ടിബറ്റിലുമെല്ലാം സംഭവിച്ച വികസനത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായത് സര്‍ക്കാറിന്റെ സ്വന്തം ജനതയായിരുന്നുവെന്ന് വ്യക്തം. ഇന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് വികസനമെത്തിക്കാന്‍ വെമ്പുന്ന സംഘ്പരിവാര്‍ ബുദ്ധി കേന്ദ്രങ്ങള്‍ സിന്‍ജിയാംഗ് പരീക്ഷണം തന്നെയാണ് മനസ്സില്‍ കാണുന്നത്. മതപരവും സാംസ്‌കാരികവുമായ വൈജാത്യങ്ങളെ തകര്‍ത്ത് നിരപ്പാക്കുകയും ചരിത്രത്തില്‍ വേരുകളുള്ള സ്വയംഭരണ ചിന്തകളെ എന്നെന്നേക്കും അറുത്തു മാറ്റുകയുമാണ് ലക്ഷ്യം. അതുകൊണ്ടാണല്ലോ സംസ്ഥാന പദവി പോലും കശ്മീരില്‍ നിന്ന് കവര്‍ന്നെടുത്ത് കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത്.
(അവസാനിക്കുന്നില്ല)