Ongoing News
മുല്ലപ്പള്ളിയും ചെന്നിത്തലയും പുത്തുമല സന്ദർശിച്ചു

കൽപ്പറ്റ: പുത്തുമലയിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിച്ചു. രാവിലെ പത്തരയോടെ മേപ്പാടിയിലെത്തിയ ഇരുവരും പുത്തുമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിരച്ചിൽ നടക്കുന്ന പ്രദേശങ്ങളിൽ സന്ദർശിച്ച ശേഷം മുണ്ടക്കൈയിലെ മദ്റസയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംന്പ് സന്ദർശിച്ചു.
ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഭക്ഷണസാധനങ്ങളുടെ അപര്യാപ്തയാണ് ക്യാംന്പുകളിലെ പ്രധാനവിഷയമെന്ന് മനസ്സിലാക്കി. പാക്ക് ചെയ്ത ഭക്ഷണമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബെംഗളൂരുവിൽ നിന്ന് 25,000 കമ്പിളിപുതപ്പുകൾ ഉടൻ ജില്ലയിലെത്തുമെന്നും ക്യാംന്പുകളിൽ കഴിയുന്ന മുഴുവൻ പേർക്കും വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകൾ വീടൊഴിഞ്ഞ് പോയതോടെ അവിടങ്ങളിൽ മോഷണം നടക്കുന്നതായി ക്യാംന്പുകളിൽ കഴിയുന്നവർ ശ്രദ്ധയിൽപ്പെടുത്തി. ഈ പ്രദേശങ്ങളിൽ പോലീസ് നൈറ്റ് പട്രോളിംഗ് നടത്താൻ നിർദേശമുയർന്നു.
എം എൽ എമാരായ ഐ സി ബാലകൃഷ്ണൻ, സി കെ ശശീന്ദ്രൻ, സബ് കലക്ടർ എസ് എൻ കെ ഉമേഷ്, വൈത്തിരി തഹസിൽദാർ ഹരിസ് തെന്നാനി, യു ഡി എഫ് കൺവീനർ എൻ ഡി അപ്പച്ചൻ, കെ സി റോസക്കുട്ടി ടീച്ചർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാംന്പിലും ഇവർ സന്ദർശനം നടത്തി.