ഇന്ത്യ-വിന്‍ഡീസ്‌ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ്സോടെ ഇന്ത്യ

Posted on: August 11, 2019 8:00 am | Last updated: August 11, 2019 at 12:21 am


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനം മഴയെടുത്തു. പരമ്പരയില്‍ അവശേഷിക്കുന്ന രണ്ടു ഏകദിനങ്ങളില്‍ ഒന്ന് ഇന്ന് നടക്കും. ഗയാനയില്‍ പതിമൂന്ന് ഓവര്‍ എറിഞ്ഞ് അവസാനിപ്പിക്കേണ്ടി വന്ന മത്സരം ആരാധകരിലും നിരാശ പടര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ കോലി മഴ തടസമായി വരുന്നതാണ് ക്രിക്കറ്റിലെ ഏറ്റവും വെറുക്കുന്ന അനുഭവമെന്ന് അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. പോര്‍ട് ഓഫ് സ്‌പെയിനില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. മഴ ഭീഷണിയില്ലെന്നത് ആശ്വാസകരം.
ട്വന്റി20 പരമ്പര 3-0ന് അടിയറവ് പറഞ്ഞതുപോലെ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ വെസ്റ്റ് ഇന്‍ഡീസ് തയ്യാറാകില്ല. സ്വന്തം നാട്ടില്‍ വന്ന് ഇന്ത്യ കളി മൊത്തം ജയിക്കുന്നതില്‍പ്പരം നാണക്കേട് വേറൊന്നില്ല. ഞായറാഴ്ച്ച ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം. മൂന്നാം ഏകദിനവും ഇവിടെ വെച്ചുതന്നെ നടക്കും. പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഗെയ്‌ലിനെ ഉള്‍പ്പെടുത്താന്‍ വിന്‍ഡീസ് ബോര്‍ഡ് തയ്യാറാകാത്ത സാഹചര്യത്തില്‍, കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ കരിയറിലെ അവസാന രണ്ടു മത്സരങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്. തങ്ങളുടെ യൂനിവേഴ്‌സല്‍ ബോസിന് മികച്ചൊരു യാത്രയയപ്പ് നല്‍കാനായിരിക്കും വിന്‍ഡീസ് താരങ്ങള്‍ പരിശ്രമിക്കുക.
മറുഭാഗത്ത് ഇന്ത്യയുടെ കാര്യമെടുത്താലോ, ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിനോട് തോറ്റു പുറത്തായ ശേഷം കോലിയും സംഘവും കളിക്കാനിറങ്ങുന്ന രണ്ടാം ഏകദിന മത്സരമാണിത്. ഇന്ത്യയെ സംബന്ധിച്ച് ടീമില്‍ വലിയ ആശങ്കകളില്ല.

ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന ഓപ്പണിങ് നിര സുശക്തമാണ്. മൂന്നാം നമ്പറില്‍ പതിവുപോലെ വിരാട് കോലിയുണ്ട് സ്‌കോറിങ് പടുത്തുയര്‍ത്താന്‍. നാലാം നമ്പര്‍ നാലാം നമ്പറില്‍ പരീക്ഷണം തുടരുകയാണ്.
ശ്രേയസ് ഐയ്യറിനെ നാലാം നമ്പറില്‍ പ്രതിഷ്ഠിക്കാന്‍ നായകന്‍ കോലി മുന്‍കൈയ്യെടുത്തേക്കും. ആദ്യ ഏകദിനത്തില്‍ താരത്തിന് അവസരം ലഭിച്ചെങ്കിലും മഴ മൂലം കളി ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ് നടത്തിയ പ്രകടനം ദേശീയ ടീമിലേക്കുള്ള വിളിയില്‍ നിര്‍ണയകമായി.

ഇതേസമയം, നാലാം നമ്പറില്‍ ശ്രേയസിന് അവസരം ലഭിച്ചാല്‍ കെ എല്‍ രാഹുലിന് സൈഡ് ബെഞ്ചിലിരിക്കേണ്ടി വരും. മധ്യനിര ബാറ്റ്‌സ്മാന്റെ റോളിലേക്ക് പരിഗണിക്കുന്ന കാര്യം സംശയമാണ്. പകരം സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി രാഹുലിനെ മൂര്‍ച്ച കൂട്ടിയെടുക്കാന്‍ ടീം ആഗ്രഹിക്കുന്നു. ധവാനോ, രോഹിത്തിനോ പരുക്കേറ്റാല്‍ പകരം ആ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ രാഹുലിന് സാധിക്കും. കേദാര്‍ ജാദവിനുണ്ട് ഭീഷണി അഞ്ചാം സ്ഥാനത്ത് റിഷഭ് പന്തായിരിക്കും. ശേഷം കേദാജ് ജാദവും കടന്നുവരും. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് ശുഭ്മാന്‍ ഗില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ കളത്തില്‍ അവിസ്മരണീയമായി നിന്നാല്‍ മാത്രമേ കേദാര്‍ ജാദവിന് തുടരാനാവുകയുള്ളൂ.
സാങ്കേതികതികവു കുറവാണെന്ന ആക്ഷേപമാണ് ജാദവിന് വിനയാവുന്നത്. ഇക്കാരണത്താല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ജാദവിന് സ്ഥാനക്കയറ്റം നല്‍കാന്‍ കോലിയോ, ശാസ്ത്രിയോ തയ്യാറാവുന്നില്ല. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി സിക്‌സും ഫോറും നേടാനുള്ള കാര്യക്ഷമതയും താരത്തിനില്ലെന്നത് വിമര്‍ശമായി ഉയര്‍ന്നിരുന്നു.
മിക്കപ്പോഴും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമുള്ളപ്പോള്‍ കേദാര്‍ ജാദവിന് പന്തു നല്‍കി പരീക്ഷണത്തിന് മുതിരാന്‍ കോലി തയ്യാറാകാറില്ല. അതുകൊണ്ട് ബാറ്റു കൊണ്ട് മികവു കാട്ടിയാല്‍ മാത്രമാണ് ജാദവിന് മുന്നോട്ടുള്ള കാര്യങ്ങള്‍ എളുപ്പമാകൂ. നവ്ദീപ് സെയ്‌നിയുള്ളതിനാല്‍ ഒരുപക്ഷെ ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കാന്‍ നായകന്‍ കോലി തയ്യാറാകും. സാഹചര്യങ്ങള്‍ സ്പിന്നിന് അനുകൂലമെന്ന് കണ്ടാല്‍ യുസ്‌വേന്ദ്ര ചഹലും വരും ആദ്യ ഇലവനില്‍.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ പേസര്‍ ഖലീല്‍ അഹമ്മദ് ഡ്രസിംഗ്‌ റൂമിലിരിക്കും.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ കൈയ്യില്‍ നിന്നും കണക്കിന് അടി കിട്ടിയിരുന്നു താരത്തിന്.
ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് ഐയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: ജേസണ്‍ ഹോള്‍ഡര്‍ (നായകന്‍), ക്രിസ് ഗെയ്ല്‍, ജോണ്‍ കാമ്പെല്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, നിക്കോളാസ് പൂരന്‍, റോസ്‌റ്റോണ്‍ ചേസ്, ഫാബിയന്‍ അലെന്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രല്‍, ഓഷെയ്ന്‍ തോമസ്, കെമാര്‍ റോച്ച്