അറഫാ ദിനത്തില്‍ കേരളം പ്രാര്‍ഥനകളിലുണ്ട്‌

വിശുദ്ധ ഭൂമിയില്‍ നിന്നാണ് ഇത് കുറിക്കുന്നത്. കൂടപ്പിറപ്പുകളുടെ സമാനതകളില്ലാത്ത വേദനകളില്‍ നീറുകയാണ് ഞങ്ങള്‍. പ്രളയക്കെടുതികളൊടുങ്ങാനും പുതു ജീവിതത്തിന് കരുത്തു കിട്ടാനുമാണ് പ്രാര്‍ഥനകളെല്ലാം. കഴിഞ്ഞ വര്‍ഷം നമ്മുടെ മുമ്പില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. വളരെ മാതൃകാപരവും അഭിമാനകരവുമായ രീതിയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ദുരിത ബാധിതര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമൊപ്പം നാം പ്രളയ ഭൂമിയിലുണ്ടായിരുന്നു. അന്ന് പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് സന്നദ്ധ സേവകരുടെ ജീവന്‍ പണയം വെച്ചുള്ള സമര്‍പ്പണമായിരുന്നു. ജീവിതാനുഭവത്തില്‍ സമാനതകളില്ലാത്ത ഈ ഒരുമയും കരുതലും കാണിക്കേണ്ട സമയമിതാ വീണ്ടും നമുക്ക് മുമ്പിലേക്ക് വന്നിരിക്കുന്നു.
Posted on: August 10, 2019 12:01 pm | Last updated: August 10, 2019 at 2:15 pm

വിശുദ്ധ ഭൂമിയില്‍ നിന്നാണ് ഇത് കുറിക്കുന്നത്. ഈ ഭൂമിയിലെ ധന്യ നിമിഷങ്ങളിലും ഹജ്ജുമായി ബന്ധപ്പെട്ട വിശുദ്ധ വേളകളിലുമെല്ലാം കേരളവും മനസിലുണ്ട്.

കൂടപ്പിറപ്പുകളുടെ സമാനതകളില്ലാത്ത വേദനകളില്‍ നീറുകയാണ് ഞങ്ങള്‍. പ്രളയക്കെടുതികളൊടുങ്ങാനും പുതു ജീവിതത്തിന് കരുത്തു കിട്ടാനുമാണ് പ്രാര്‍ഥനകളെല്ലാം.

കഴിഞ്ഞ വര്‍ഷം നമ്മുടെ മുമ്പില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. വളരെ മാതൃകാപരവും അഭിമാനകരവുമായ രീതിയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ദുരിത ബാധിതര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമൊപ്പം നാം പ്രളയ ഭൂമിയിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കുമൊപ്പം നിന്ന്, ഒലിച്ചു പോകുമായിരുന്ന ജീവിതങ്ങളെ നാം കൈകുമ്പിളില്‍ കോരിയെടുത്തിരുന്നു. അന്ന് പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് സന്നദ്ധ സേവകരുടെ ജീവന്‍ പണയം വെച്ചുള്ള സമര്‍പ്പണമായിരുന്നു. ജീവിതാനുഭവത്തില്‍ സമാനതകളില്ലാത്ത ഈ ഒരുമയും കരുതലും കാണിക്കേണ്ട സമയമിതാ വീണ്ടും നമുക്ക് മുമ്പിലേക്ക് വന്നിരിക്കുന്നു. വേദനിക്കുന്നവരെ സഹായിക്കാനും പ്രയാസങ്ങളില്‍ മുങ്ങിപ്പോകുന്നവരെ കൈപിടിച്ചുയര്‍ത്താനും നാം സര്‍വാത്മനാ മുന്നോട്ടുവരണം. കഴിഞ്ഞ തവണ ചെളിയും ചേറും നിറഞ്ഞ് നിറം മങ്ങിയ ജീവിതങ്ങള്‍ പതുക്കെ കരകയറി വരുന്നതിനിടക്കാണ് വീണ്ടും നമ്മളെ പിറകോട്ട് വലിക്കുന്നത്. ഇനിയും നമ്മള്‍ തിരിച്ചു നീന്തണം. നീറുന്ന മനസ്സുകളില്‍ പ്രതീക്ഷയുടെ ചായങ്ങള്‍ നിറക്കണം നാം. അതിനുള്ള അസുലഭാവസരമാണ് ഈ അറഫയും പെരുന്നാളും. ഒപ്പമുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ ജീവിതത്തിന്റെ പൊലിമ.

ഇതു മനസ്സിലാക്കി, ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഹായ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകാനും മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ന്നവര്‍ക്ക് കരുത്തു പകരാനും നമുക്കാകണം.

പ്രവാചക കുലപതി ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും സമര്‍പ്പണത്തിന്റെ ഓര്‍മകളിരമ്പുന്ന പുണ്യ ദിനങ്ങള്‍, കേരളത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതു കൂടിയാകണം. ദുരിത പ്രളയത്തില്‍ തരിച്ചു നില്‍ക്കാതെ നാം ഉജ്വലമായി വീണ്ടും തിരിച്ചു വരണം. ഈ അറഫയും പെരുന്നാളും വിശ്വാസികള്‍ കൂടുതല്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം. സഹോദരങ്ങളുടെ സന്തോഷത്തില്‍ ആത്മനിര്‍വൃതി കണ്ടെത്തണം. വര്‍ഷത്തില്‍ ഏറ്റവും പവിത്രമായി മഹാന്മാര്‍ എണ്ണിയിട്ടുള്ള ദിനങ്ങളിലൊന്നാണ് അറഫാ ദിനം. അല്‍ഹജ്ജു അല്‍അറഫ അഥവാ ഹജ്ജ് എന്നാല്‍ അറഫയാണെന്നൊരധ്യാപനം കാണാം. ഇതിലൂടെ തന്നെ അറഫയുടെ പവിത്രത നമുക്ക് മനസ്സിലാക്കാവുന്നതാണ്. എങ്ങനെയാണ് അറഫയെന്ന പേര് വന്നത് എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ജീബ്‌രീല്‍(അ) നബി(സ്വ)തങ്ങള്‍ക്ക് ഹജ്ജിന്റെ കര്‍മങ്ങള്‍ വിവരിച്ചു കൊടുക്കുകയും തുടര്‍ന്ന് അറഫ്ത (നിങ്ങള്‍ക്ക് മനസ്സിലായോ) എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ അറഫ്തു( എനിക്ക് മനസ്സിലായി) എന്ന് അവിടുന്ന് മറുപടി പറയുകയും ചെയ്തു, ഇങ്ങനെയാണ് അറഫയെന്ന പേര് ലഭിച്ചത് എന്നാണ് ഒരഭിപ്രായം. ആദ്യ പിതാവായ ആദം നബി(അ)ഉം ഹവ്വാ ഉമ്മ(റ)യും ആദ്യമായി കണ്ടുമുട്ടിയ ഇടം എന്ന നിലക്കാണ് അറഫയെന്ന് പറയുന്നതെന്നും അഭിപ്രായമുണ്ട്. അറഫയില്‍ നിന്നാല്‍ മാത്രമേ ഹജ്ജ് ലഭിക്കുകയുള്ളൂ. അറഫ പവിത്രമാണ്.

അവിടെ നില്‍ക്കുക എന്നത് വിശ്വാസിയുടെ അഭിവാഞ്ജയും. എന്നാല്‍ അതിനു സാധിക്കാത്തവര്‍ക്കും അറഫയുടെ ഭാഗികമായ സൗഭാഗ്യങ്ങള്‍ ലഭിക്കാനുള്ള അവസരം ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. അഥവാ അറഫയില്‍ നിര്‍ത്തമാരംഭിക്കുന്ന ദുല്‍ഹിജ്ജ ഒമ്പതിന് ഹജ്ജിലല്ലാത്ത മുസ്‌ലിംകള്‍ക്കെല്ലാം നോമ്പ് പുണ്യമാണ്. ഹജ്ജ് ചെയ്താല്‍ വിശ്വാസി പ്രസവിച്ച കുഞ്ഞിനെ പോലെ പാപമുക്തമാണെന്നാണല്ലോ. എന്നാല്‍ അറഫയുടെ നോമ്പിന്റെ പവിത്രതയും ഇതുതന്നെയാണ്. പാപമോചനത്തിന്റെ മഹാ വ്രതമാണ് അറഫാ നോമ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരു തിരുവരുള്‍ കാണാം: കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ പാപങ്ങളെ മായ്ച്ചുകളയുന്ന പ്രായശ്ചിത്തമാണ് അറഫയുടെ ദിവസത്തിലെ നോമ്പ്. പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളാണ് നമുക്ക് മുമ്പില്‍. ഈ പ്രളയ സാഹചര്യത്തില്‍ സ്വശരീരം സുരക്ഷിതമാണെന്നുറപ്പു വരുത്തുന്നതോടൊപ്പം സഹോദരനെ സഹായിക്കുന്നതിലും ആരാധനകളില്‍ സജീവമാകുന്നതിലും നാം പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഈ അറഫയില്‍ നമുക്ക് പ്രാര്‍ഥനാനിരതമാകണം. കേരള ജനതയുടെ കൂടെ നില്‍ക്കണം. നാഥന്‍ തൗഫീഖ് ചെയ്യുമാറാകട്ടെ.