Gulf
വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കം; ഹാജിമാര്‍ മിനായില്‍, അറഫാ സംഗമം നാളെ

മിന: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. മിനയില്‍ രാപ്പാര്‍ക്കുന്നതിനായി ഹാജിമാര്‍ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തോടെയാണ് ഹാജിമാര്‍ മിനായിലേക്ക് എത്തിത്തുടങ്ങിയത്. ഇന്ന് മിനായില്‍ രാപ്പാര്‍ക്കുന്ന ഹാജിമാര്‍ അഞ്ച് നേരത്തെ നിസ്‌കാരം മിനായില്‍ തന്നെ നിര്‍വഹിക്കും. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായ അറഫാ സംഗമത്തിനായി അറഫാ മൈതാനിയിലേക്ക് പുറപ്പെടും. ശനിയാഴ്ചയാണ് അറഫാ സംഗമം.
മിനായില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയുള്ള അറഫാ മൈതാനിയില്‍ മശാഇര്‍ ട്രെയിനിലും ബസുകളിലുമായാണ് ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാര്‍ എത്തുക. കനത്ത തിരക്ക് ഒഴിവാക്കുന്നതിനായി ഹാജിമാര്‍ വിവിധ മുതവ്വിഫുകള്‍ക്ക് കീഴില്‍ രാത്രിയോടെ തന്നെ അറഫ ലക്ഷ്യമാക്കി യാത്ര തിരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ അറഫയിലേക്കുള്ള ഹാജിമാരുടെ വരവ് പൂര്‍ത്തിയാവും. ചരിത്ര പ്രസിദ്ധമായ അറഫയിലെ മസ്ജിദു നമിറ അറഫാ മൈതാനവും, നബി (സ) തങ്ങള്‍ അവസാനമായി വിടവാങ്ങള്‍ പ്രസംഗം നടത്തിയ അറഫാ പര്‍വതവും, പരിസരങ്ങളും അഷ്ടദിക്കുകളില്‍ നിന്നെത്തിയ ശുഭവസ്ത്രധാരികളെക്കൊണ്ട് നിറഞ്ഞു കവിയും.
ശനിയാഴ്ച്ച ഉച്ചയോടെ അറഫയിലെ നമിറാ പള്ളിയില്‍ അറഫ പ്രസംഗവും നിസ്‌കാരവും നടക്കും. ഹാജിമാര്‍ അറഫയില്‍ സൂര്യാസ്തമയം വരെ പ്രാര്‍ഥനകളില്‍ മുഴുകും. മഗ്രിബ് നിസ്‌കാര ശേഷം അറഫയോട് വിടപറയുന്ന ഹാജിമാര്‍ രാപാര്‍ക്കുന്നതിനായി മുസ്ദലിഫയിലെത്തും.
മുസ്ദലിഫയില്‍ രാപാര്‍ക്കുന്ന ഹാജിമാര്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് ആറു കിലോമീറ്റര്‍ അകലെ മിനായില്‍ വീണ്ടും തിരിച്ചെത്തും. ജംറയില്‍ കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം “ഇഫാള”യുടെ ത്വവാഫിനായി മസ്ജിദുല്‍ ഹറമിലേക്ക് നീങ്ങും. ബലിപെരുന്നാള്‍ ദിവസം സൂര്യാസ്തമയത്തോടെ മിനായില്‍ രാപാര്‍ക്കുന്നതിനായി ടെന്റുകളിലേക്ക് തിരിച്ചെത്തും.
കനത്ത ചൂടില്‍ അറഫാ സംഗമം
ഈ വര്‍ഷം കനത്ത ചൂടിലാണ് അറഫാ സംഗമം നടക്കുന്നത്. മിനയിലും അറഫയിലും താപനില 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സൂര്യാഘാതം തടയുന്നതിനായി തണുത്ത വെള്ളം സ്‌പ്രേ ചെയ്യാന്‍ പ്രത്യേക വാട്ടര്‍ സ്‌പ്രെയര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
രോഗികളെ ആംബുലന്‍സില്‍ അറഫയിലെത്തിക്കും
ഹജ്ജ് കര്‍മങ്ങള്‍ക്കെത്തി അസുഖം മൂലം മദീനയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന 23 രോഗികളെ പ്രത്യേക ആംബുലന്‍സില്‍ മക്കയിലെത്തിച്ചു. കൂടുതല്‍ അവശയായ അഫ്ഗാന്‍ സ്വദേശിനിയിയെ മദീനയില്‍ നിന്നും പ്രത്യേക ഹെലികോപ്ടറിലാണ് മിനയിലെത്തിച്ചത് , കൂടാതെ മക്കയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികളെയും ആംബുലന്‍സില്‍ അറഫയിലെത്തിച്ച് ഹജ്ജ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കും.
അറഫാ പ്രഭാഷണം ആറ് ഭാഷകളില്‍
ഹാജിമാര്‍ക്ക് അറഫാ പ്രഭാഷണം ഇത്തവണ ആറു ഭാഷകളില്‍ കേള്‍ക്കാന്‍ കഴിയും. ഇംഗ്ലിഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍, തുര്‍കിഷ് ഭാഷകളില്‍ അറഫാ പ്രഭാഷണം തത്സമയം ലഭ്യമാവും. ഇതിനായി അറഫയിലെ മസ്ജിദു നമിറക്ക് സമീപത്ത് പ്രത്യേക നിലയം തന്നെ സ്ഥാപിച്ചിട്ടുണ്ട്