Connect with us

Articles

മ്യൂസിയം പോലീസിന്‌ റെട്രോഗ്രേഡ് അംനേഷ്യ !

Published

|

Last Updated

ജസ്റ്റീസ് കമാല്‍ പാഷ, ശ്രീറാം വെങ്കിട്ടരാമന്‍

തല്ലിക്കെടുത്തിയിട്ടും തെളിഞ്ഞു കത്തുന്ന ഒരു വെളിച്ചത്തെ കുറിച്ചാണ് ഈ ആഖ്യാനം. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം ആ വെളിച്ചത്തെ ചുറ്റുകയായിരുന്നു. ആ വെളിച്ചം കൈക്കുമ്പിള്‍ കൊണ്ട് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ വാക്ക് കൊണ്ടും സമരം കൊണ്ടും കേരളം ഈ നാളുകളില്‍ പ്രതിരോധിക്കുകയായിരുന്നു. കാക്കിയും കള്ളവും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ നീതിയുടെ വെളിച്ചം കെട്ടുപോകാതിരിക്കട്ടെ എന്നാഗ്രഹിച്ചവരാണ് മലയാളികളിലെ മഹാ ഭൂരിപക്ഷം. ചെറു ന്യൂനപക്ഷം മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. ആ ചെറു ന്യൂനപക്ഷം അജ്ഞാതരല്ല. അവരില്‍ പോലീസുകാരുണ്ട്, ചില ഉന്നത ഉദ്യോഗസ്ഥരുണ്ട്. കെ എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ദാരുണമായ കൊലപാതകത്തിലെ കുറ്റവാളിക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കിക്കൊടുത്തത് ഈ വിഭാഗമാണ്.

ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയാകുന്നു. അപകട മരണം എന്നെഴുതി ലാഘവപ്പെടുത്താകുന്നതല്ല ബഷീറിന്റെ അന്ത്യം. ഈ കേസില്‍ ഒരു കൊലയാളിയുണ്ട്, അയാളെ രക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ ബ്യൂറോക്രാറ്റുകളുണ്ട്, കൊലയാളിയുടെ കാലുഴിഞ്ഞ പോലീസുണ്ട്. ചെറു മീനുകളല്ല ഇവരൊന്നും. നാട്ടിലെ നിയമമറിയാത്ത ഒരാളും ഇക്കൂട്ടത്തിലില്ല. നമ്മുടെ നികുതിപ്പണം തിന്നുകൊഴുത്ത വന്‍ സ്രാവുകളാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമത്തിന്റെ വലപൊട്ടിച്ച് രക്ഷപ്പെടുത്താന്‍ അണിയറയില്‍ കരുക്കള്‍ നീക്കിയത്. ആ നീക്കങ്ങള്‍ക്കൊടുവിലാണ് ശ്രീറാം ഒരു മണിക്കൂര്‍ പോലും ജയിലില്‍ പോകാതെ ജാമ്യം നേടിയത്.

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്റെ തനിനിറം വെളിപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്. ഒരു യുവാവിനെ വണ്ടിയിടിച്ചു കൊന്നിട്ട് നിയമത്തിന്റെ പിടിയില്‍ നിന്ന് കുതറി മാറാന്‍ എന്തെല്ലാം നെറികെട്ട കളികളാണ് ഈ ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായത്, എന്തെല്ലാം നാടകങ്ങളരങ്ങേറി? പകര്‍ച്ചവ്യാധി പിടിപെട്ടവനെ പോലെ, കിംസ് ആശുപത്രിയില്‍ നിന്ന് വെള്ളപുതച്ച് പുറത്തുവന്ന ആ “മൃതശരീരം” കേരളത്തിന്റെ നീതിബോധത്തിനുമേല്‍ കാര്‍ക്കിച്ചു തുപ്പുകയായിരുന്നു. ദേവികുളത്തെ “ആദര്‍ശ ധീരനും” വേദികളിലെ “ഉപദേശി”യുമായി വിലസിയ ഉദ്യോഗസ്ഥന്‍ മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ആ നിമിഷം താനൊരു കുറ്റവാളിയാണെന്ന് മൗനമായി അയാള്‍ അംഗീകരിക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. തന്റെ മുഖത്തെ ക്രൗര്യഭാവം ക്യാമറകള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്താന്‍ ശ്രീറാം ആഗ്രഹിച്ചില്ല എന്നതല്ലേ സത്യം.
പൗരനെ കൊലക്ക് കൊടുക്കുന്ന പോലീസ്; ഇന്ത്യന്‍ പോലീസ് എങ്ങോട്ട്? എന്ന ശീര്‍ഷകത്തില്‍ 2018 ജൂണ്‍ 19ന് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചില സവിശേഷമായ വിവരങ്ങള്‍ പങ്കുവെക്കുന്നു. ഇന്ത്യയിലെ പോലീസ് സംവിധാനത്തെ കുറിച്ച് 22 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

കെ എം ബഷീറിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളിലൊന്ന്

രത്‌നച്ചുരുക്കമിങ്ങനെ:
“സ്ത്രീകള്‍, ദളിതര്‍, മുസ്ലിംകള്‍ എന്നിവര്‍ക്ക് ഇന്ത്യയിലെ പോലീസിനെ ഒട്ടും വിശ്വാസമില്ല. അവര്‍ പോലീസിനെ പേടിക്കുന്നു. സവര്‍ണര്‍ക്ക് പോലീസിനെ ഒട്ടും ഭയമില്ല. നിയമപാലനത്തിലെ ജാതീയ വിവേചനങ്ങള്‍ ലജ്ജിപ്പിക്കുന്നതാണ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ പോലീസ് പീഡനങ്ങളെ ഭയന്ന് കഴിയുമ്പോള്‍ മേല്‍ജാതിയില്‍പ്പെട്ടവര്‍ തെറ്റ് ചെയ്താലും പോലീസിനെ കൂസാറില്ല. പോലീസിനോട് നിര്‍ഭയമായി സഹായമഭ്യര്‍ഥിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാത്തവിധം ആണ്‍മേല്‍ക്കോയ്മ പോലീസിലുണ്ട്”.

ദുര്‍ബലരോട് നമ്മുടെ പോലീസ് സംവിധാനം എങ്ങനെ പെരുമാറുന്നു എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ റിപ്പോര്‍ട്ട് പുനരാനയിക്കുന്നത്. ജാതി മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, പ്രബുദ്ധമെന്ന് നമ്മള്‍ കരുതുന്ന, ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുകളുള്ള കേരളത്തിലും ജാതി മുഖ്യപ്രമേയങ്ങളിലൊന്നാണ്. അതിന്റെ ദൃശ്യപ്പെടല്‍ പല വിധത്തില്‍. ചിലപ്പോള്‍ അധികാരമായി, മറ്റു ചിലപ്പോള്‍ അസ്പൃശ്യതയായി, ഇനിയൊരിടത്ത് വിധേയത്വമായി. ആദിവാസി സമൂഹത്തില്‍ നിന്നുള്ള പോലീസ് ഓഫീസര്‍ മേലുദ്യോഗസ്ഥരുടെ ജാതി പീഡനത്തില്‍ മനം നൊന്ത് രാജിവെച്ചൊഴിഞ്ഞത് കണ്ണൂരിലാണ്, നമ്മുടെ സ്വന്തം കേരളത്തിലാണ്.! കണ്ണൂരിലേത് അസ്പൃശ്യതയെങ്കില്‍ തിരുവനന്തപുരത്ത് കണ്ടത് മേല്‍ജാതിക്കാരനായ ഉദ്യോഗസ്ഥനോടുള്ള അപമാനകരമായ വിധേയത്വമാണ്. കുറ്റം ചെയ്താലും കൂസലനുഭവിക്കാത്ത മേല്‍ജാതിക്കാരെക്കുറിച്ചാണ് മുകളില്‍ വായിച്ചത്. ആ കണ്ണിയിലൊരാള്‍ മാത്രമാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്‍.

ശ്രീറാമിനെ രക്ഷിക്കാന്‍ മ്യൂസിയം പോലീസ് കുറച്ചൊന്നുമല്ല പാടുപെട്ടത്. സംഭവസ്ഥലത്ത് നിന്ന് തന്നെ കുറ്റവാളിക്ക് രക്ഷയൊരുക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു. തെളിവുകള്‍ കുറ്റവാളി കൊണ്ടുവരുമോ എന്ന് ഹൈക്കോടതി കടുപ്പിച്ച് ചോദിക്കുവോളം കഠിനമായ “രക്ഷാപ്രവര്‍ത്തന”മാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. മദ്യത്തിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലം നിലത്ത് കാലുറപ്പിച്ചുവെക്കാന്‍ പോലും കഴിയാതിരുന്ന കുറ്റവാളിയുടെ രക്തപരിശോധന നടത്തുകയെന്ന പ്രാഥമികമായ ഉത്തരവാദിത്വം പോലും പോലീസ് മറന്നു. അതിനവര്‍ പറഞ്ഞ കാരണമായിരുന്നു വിചിത്രം: രക്തം പരിശോധിക്കാന്‍ ശ്രീറാമിന് സമ്മതമല്ലായിരുന്നുപോല്‍. ഒരു മനുഷ്യനെ കാറിടിച്ചു കൊന്ന കേസില്‍ പിടിക്കപ്പെട്ട ആളുടെ സമ്മതവും സൗകര്യവും നോക്കി മാത്രം തീരുമാനമെടുക്കുന്ന “വിനയത്തിലേക്ക്” കേരള പോലീസ് മാറിയതെങ്ങനെ? ഇത്തരം കേസുകളില്‍ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ തന്നെ പിന്നീട് പറയുകയുണ്ടായി. ഇനി ശ്രീറാം സമ്മതിച്ചില്ല എന്നിരിക്കട്ടെ. അപകടത്തിന് വിധേയനായ ആള്‍ കൊല്ലപ്പെട്ട സ്ഥിതിക്ക് കുറ്റവാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി നിര്‍ബന്ധപൂര്‍വം തന്നെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ കഴിയുമായിരുന്നു എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ശ്രീറാമിന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ല. പോലീസിന് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും കുറ്റവാളിയെ രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ നിയമം വിട്ടു തന്നെ കളിച്ചു. കൊല്ലപ്പെട്ടത് വെറുമൊരു പത്രക്കാരന്‍, കാറോടിച്ചതോ ഐ എ എസുകാരന്‍, ഉന്നത ഉദ്യോഗസ്ഥന്‍.! അപ്പോള്‍ പിന്നെ നിയമവും നീതിയുമൊന്നും കാര്യമാക്കിയില്ല. ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇളകിയപ്പോള്‍ മാത്രം രക്തപരിശോധന. ഹൈക്കോടതി നിരീക്ഷിച്ചതു പോലെ, 15 മിനുട്ടിനകം നടക്കേണ്ട പരിശോധന പത്ത് മണിക്കൂര്‍ കഴിഞ്ഞ് നടപ്പാക്കി പോലീസ് “ശുഷ്‌കാന്തി” പ്രകടിപ്പിച്ചു.!

നിയമം സാധാരണക്കാരന് മാത്രം ബാധകമാണ്. സമൂഹത്തിലെ ഉന്നതര്‍ക്കും സ്വാധീനമുള്ളവര്‍ക്കും ഇതൊന്നും ബാധകമല്ല. പെറ്റിക്കേസിലുള്‍പ്പെട്ട സാധുവിനെ ഇടിച്ചും തൊഴിച്ചും ജീവനെടുക്കാന്‍ മടിക്കാത്ത നമ്മുടെ നാട്ടിലെ പോലീസുകാര്‍ എത്ര നിര്‍ന്നിമേഷരായാണ് ഈ കേസ് കൈകാര്യം ചെയ്തത് എന്നു നോക്കൂ. നിയമത്തോടും സത്യത്തോടും തെല്ലും വിധേയത്വമില്ലാത്ത, അയ്യേയെസ് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന നിയമ പാലകരെ നിയമവും നീതിയും പഠിപ്പിക്കാന്‍ പുതിയ കേന്ദ്രം തുടങ്ങുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ ആലോചിക്കണം!
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന, കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്ന വിഭാഗമെന്നാണ് പോലീസിനെ നിര്‍വചിക്കാറുള്ളത്. ഇവിടെ പക്ഷേ, ലക്കുകെട്ട് വാഹനമോടിച്ച് ആളെകൊന്ന കൊടും കുറ്റവാളിയെ സംരക്ഷിക്കുന്ന ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നു പോലീസുകാര്‍. അവര്‍ക്കൊപ്പിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ മടിയില്ലാത്ത ഡോക്ടര്‍മാര്‍. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യ എന്ന മറവി രോഗമാണെന്ന വാര്‍ത്ത പുറത്തു വരുന്നു ഈ ലേഖനം തയ്യാറാക്കുമ്പോള്‍. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കാനിരിക്കെയാണ് അയാള്‍ക്ക് മറവിരോഗമുണ്ടാകുന്നത്. അതിനര്‍ഥം രക്ഷപ്പെടാനുള്ള കപടനാടകം കുറ്റാരോപിതനും അയാളുടെ സില്ബന്തികളും തുടരുന്നു എന്ന് തന്നെയാണ്.

ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെയും മറികടന്ന് കുറ്റാരോപിതനോട് വിധേയത്വം കാട്ടുന്ന ഒരു പോലീസ് സേനക്ക് കീഴില്‍ കേരളത്തിലെ ജനങ്ങള്‍ എങ്ങനെയാണ് പൂര്‍ണ സുരക്ഷിതത്വം അനുഭവിക്കുക? അര്‍ധ രാത്രി അപകടം നടന്ന് കുറഞ്ഞ നേരത്തിനുള്ളില്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ്, എഫ് ഐ ആര്‍ തയ്യാറാക്കിയപ്പോള്‍ പക്ഷേ, സമയം മറന്നു, സ്റ്റേഷനില്‍ വിവരം ലഭിച്ച സമയം രാവിലെ 7.17 ആയി. വണ്ടി ഓടിച്ച ആള്‍ അജ്ഞാതനായി. റെട്രോഗ്രേഡ് അംനേഷ്യ ശ്രീറാമിനെ വൈകി ബാധിച്ചു, മ്യൂസിയം പോലീസിന് ഈ മറവിരോഗം ആരംഭിച്ചിട്ട് ഒരാഴ്ചയായി!

സത്യം പുറത്തുവരാന്‍ പോലീസിന് ആഗ്രഹമില്ല. ഉണ്ടെങ്കില്‍ അവര്‍ക്ക് മുമ്പില്‍ ഇനിയും എത്രയോ സാധ്യതകളുണ്ട്. ആ മണിക്കൂറുകളിലുള്ള ശ്രീറാമിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കട്ടെ. കിംസ് ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കുമ്പോഴും ശ്രീറാമിന്റെ ഫോണ്‍ പ്രവര്‍ത്തനസജ്ജമായിരുന്നു, വാട്‌സ്ആപ്പില്‍ അയാള്‍ സജീവമായിരുന്നു. ആ നേരത്ത് ആര്‍ക്കെല്ലാം, എന്തെല്ലാം മെസ്സേജുകള്‍ പോയി എന്നറിയാന്‍ സംവിധാനമുണ്ടല്ലോ. അപകടം നടക്കുന്നതിനു തൊട്ടുമുമ്പത്തെ മണിക്കൂറുകളില്‍ അയാള്‍ എന്തെടുക്കുകയായിരുന്നു എന്നന്വേഷിക്കാനും നിജസ്ഥിതി മനസിലാക്കാനും പോലീസിന് കഴിയില്ല എന്നാണെങ്കില്‍ തലപ്പത്തുള്ളവര്‍ അനുയോജ്യമായ മറ്റു ജോലി നോക്കുന്നതാണ് കേരളത്തിനു നല്ലത്. പോലീസിനും ശ്രീറാമിനും മറവിരോഗം ബാധിച്ചിരിക്കാം, കേരളത്തിലെ ജനങ്ങള്‍ക്ക് അത് ബാധിച്ചിട്ടില്ലെന്നും അവര്‍ “വെളിവോടെ” ഉണര്‍ന്നിരിപ്പുണ്ടെന്നും പോലീസും അവരെ നിയന്ത്രിക്കുന്നവരും ഓര്‍ത്തുവെക്കുന്നത് നല്ലതാണ്.

---- facebook comment plugin here -----

Latest