Connect with us

Ongoing News

'റെട്രൊഗ്രേഡ് അംനേഷ്യ' അമിത മദ്യപാനികളിൽ കണ്ടുവരുന്ന രോഗം

Published

|

Last Updated

തിരുവനന്തപുരം: സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമന് ബാധിച്ചുവെന്ന് മെഡിക്കൽ സംഘം പറയുന്ന താത്കാലിക മറവി രോഗം (റെട്രൊഗ്രേഡ് അംനേഷ്യ) അമിത മദ്യപാനികളിൽ കണ്ടുവരുന്ന രോഗമാണെന്ന് ക്രിമിനോളജിസ്റ്റുകൾ.

അമിത മദ്യപാനികളെ ബാധിക്കുന്ന ആൽക്കഹോളിക് അംനേഷ്യ ഡിസോർഡറിന്റെ ഭാഗമാണ് ഈ അവസ്ഥ.
ഉയർന്ന അളവിൽ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ കാണുന്ന തകരാറുകളിൽപ്പെടുന്നതാണ് റെട്രൊഗ്രേഡ് അംനേഷ്യ. സംഭവിച്ച കാര്യങ്ങളെ ഓർക്കാനാവാതെ വരിക, നടന്ന സംഭവങ്ങളെ കൃത്യമായി രീതിയിൽ വിവരിക്കാനാകാതെ വരികയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാവുന്നതാണ്.

അതേസമയം, കേസിൽ നിന്ന് ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള മെഡിക്കൽ ബോർഡിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ കണ്ടെത്തലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അപകട സമയത്തും ശേഷവും ചെറിയ പരുക്കുകൾ മാത്രമുണ്ടായിരുന്ന ശ്രീറാമിന് കേസിൽ കുരുക്ക് മുറുകുമെന്നായതോടെ മാരകമായ രോഗമുള്ളയാളായി ചിത്രീകരിച്ച് കിംസ് ആശുപത്രി അധികൃതർ നടത്തിയ ചികിത്സാ നാടകത്തിന് പിന്നാലെ മെഡിക്കൽ കോളജിലെ ട്രോമാ ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് പുതിയ നീക്കവുമായി മെഡിക്കൽ ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചയാൾ ശ്രീറാമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഈ രോഗത്തിന്റെ പേരിൽ പ്രതിക്ക് ഇളവ് ലഭിക്കാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കാരണം നിയമത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള വ്യക്തിയാണ് ശ്രീറാമെന്നിരിക്കെ ചെയ്ത തെറ്റിന്റെ ഗൗരവം കൂടും. അപകടം നടന്ന സമയത്ത് ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയുണ്ടായിരുന്നില്ലെന്നതിനാൽ അപകടമുണ്ടായ സമയത്ത് മദ്യത്തിന്റെ സ്വാധീനത്തിലാണെന്ന് വ്യക്തമായില്ലെങ്കിലും അലക്ഷ്യമായി വാഹനം ഓടിച്ചതിനുള്ള ശിക്ഷ ഇയാൾക്ക് ലഭിക്കും.

മാനസികാരോഗ്യ പ്രശ്‌നമല്ലെങ്കിലും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടി വരും. അപകടം നടന്ന സമയത്ത് ശ്രീറാം മദ്യപിച്ചിട്ടില്ലെങ്കിൽ പോലും ഇയാൾ മദ്യത്തിന് അടിമയാണെന്ന് തെളിയിക്കാൻ ഇത് സഹായയകമാകും.