Kerala
കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂര്‍, വേളം, കുറ്റ്യാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ ആളുകളെ ഒഴിപ്പിക്കല്‍ തുടരുകയാണ്.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റിത്താമസിപ്പിക്കാനും നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്. പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മാവൂര്‍, പെരുവയല്‍, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.