Kerala
ബഷീറിന്റെ കൊലപാതകം: നീതി ലഭിക്കും വരെ പ്രക്ഷോഭം

കോഴിക്കോട്: കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള പത്ര പ്രവര്‍ത്തക യൂനിയനും സിറാജ് മാനേജ്മെന്റും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ റിലേ നിരാഹാര സമരം സംഘടിപ്പിക്കും. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. സംഭവത്തില്‍ ഒരു ഉന്നത ഐ എ എസ് ഉദ്യോഗസ്ഥനാണ് ഉള്‍പ്പെട്ടതെന്ന് അറിഞ്ഞത് മുതല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് പോലീസ് നടത്തിയതെന്ന് പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി സി നാരായണന്‍ പറഞ്ഞു.
പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ പോലും പോലീസ് ഉള്‍പ്പെടുത്തിയില്ല. പിന്നീട് കേസ് ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ ബോധപൂര്‍വ ശ്രമങ്ങളാണ് നടന്നത്. യുവതിയെ മുഖ്യ സാക്ഷിയായി ഉള്‍പ്പെടുത്തേണ്ടതിന് പകരം പ്രതിയായി ഉള്‍പ്പെടുത്തിയത് ആസൂത്രിതമാണെന്നും നാരായണന്‍ പറഞ്ഞു. കേസ് കോടതിയില്‍ വരുമ്പോള്‍ അവര്‍ പ്രതി സ്ഥാനത്ത് നിന്ന് നീക്കപ്പെടും. ഇതുവഴി പ്രോസിക്യൂഷന്‍ വാദം ദുര്‍ബലപ്പെടുത്താനാണ് ശ്രമം. ഫോറന്‍സിക് പരിശോധന പോലും നടത്തിയിട്ടില്ല. പ്രതിയുടെ രക്ത പരിശോധന നടത്തിയെന്ന് ഡി ജി പിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഉന്നത ഉദ്യോഗസ്ഥരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള നീതി നിഷേധമാണ് ബഷീര്‍ വിഷയത്തില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഒത്തുകളി നടത്തിയ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാനും സ്വാഭാവിക നീതി ലഭിക്കാനും പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതെന്നും സി നാരായണന്‍ പറഞ്ഞു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് പത്ര പ്രവര്‍ത്തക യൂനിയന്‍ സര്‍ക്കാറിന് മുന്നില്‍ വെക്കുന്നത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പഴുതടച്ച രൂപത്തിലായിരിക്കണമെന്നതാണ് അതിലൊന്ന്. ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നതാണ് മറ്റൊന്ന്. കേസ് വെള്ളിയാഴ്ച കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ശക്തമായ വാദമുഖങ്ങള്‍ നിരത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് മൂന്നാമത്തേത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപെടല്‍ വേണം.
കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ പ്രതിയുടെ ഫോണിലേക്ക് വന്നതും പോയതുമായ ഫോണ്‍കോളുകള്‍ അന്വേഷിക്കണം. നിരവധി പേരാണ് ആശുപത്രിയില്‍ പ്രതിയെ സന്ദര്‍ശിച്ചത്. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സഹായ ധനം പ്രഖ്യാപിക്കണമെന്നും സി നാരായണന്‍ ആവശ്യപ്പെട്ടു. പ്രത്യക്ഷ സമര പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന റിലേ നിരാഹാര സമരത്തില്‍ സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരും സിറാജ് കുടുംബാംഗങ്ങളും പങ്കെടുക്കും.
ശ്രീറാം വെങ്കിട്ടരാമന്‍ അപകടം വരുത്തിയത് മുതല്‍ പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിറാജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് കക്കാട് പറഞ്ഞു. മദോന്മത്തനായി തെരുവിലൂടെ വേട്ടക്കാരനെ പോലെയാണ് അതിശീഘ്രം വെങ്കിട്ടരാമന്‍ കാറോടിച്ച് അപകടം വരുത്തിയത്. ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലുള്ള സമീപനമാണ് ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായിരിക്കുന്നത്. നിയമത്തിന്റെ പരിരക്ഷ ലഭിക്കേണ്ടവര്‍ക്ക് അത് ലഭിക്കാനും ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നുവെന്നുമുള്ള ഉറപ്പ് ലഭിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. എങ്കിലും കൂടുതല്‍ ശ്രദ്ധ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മജീദ് കക്കാട് പറഞ്ഞു.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രേംനാഥ്, സെക്രട്ടറി പി വിപുല്‍നാഥ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.