Connect with us

Education

കനത്ത മഴ: അഞ്ച്‌ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Published

|

Last Updated

മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ മലപ്പുറം, ഇടുക്കി, വയനാട്‌, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍
വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച കലക്ടര്‍ ജാഫര്‍ മാലിക് അവധി പ്രഖ്യാപിച്ചു.

അംഗന്‍വാടികള്‍ക്കും മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ പ്രൊഫഷനല്‍ കോളേജുകള്‍ അടക്കമുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കും. യൂനിവേഴ്‌സിറ്റി പരീക്ഷ അടക്കമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ഉള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ  കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍
പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസ്സകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ശക്തമായ മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Latest