National
37 ദിവസത്തെ സഭാ സമ്മേളനത്തില്‍ ചുട്ടെടുത്തത് 35 നിര്‍ണായക ബില്ലുകള്‍; പലതും ചരിത്ര ബില്ലുകള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കുന്ന, ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയോടെ കണ്ടിരുന്ന സുപ്രധാനായ ചില ബില്ലുകളടക്കം രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ പാസാക്കിയത് 35 ബില്ലുകള്‍. 37 സിറ്റിംഗുളിലായാണ് ഇത്രയും ബില്ലുകള്‍ പാസാക്കിയത്. രാജ്യചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യു എ പി എ ഭേദഗതി ബില്‍, എന്‍ ഐ എ ഭേദഗതി ബില്‍ എന്നീ നിര്‍ണായക ബില്ലുകള്‍ ഇതില്‍പ്പെടും. ബി ജെ പിയും സംഘ്പരിവാറും പതിറ്റാണ്ടുകളായി ആഗ്രഹിച്ച് നടക്കുന്ന ബില്ലുകളാണ് ദുര്‍ഭലമായ പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.
ബില്ലുകള്‍ കൂട്ടത്തോടെ പാസാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചു. പല ബില്ലുകളും സെല്ക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇത് ചെവിക്കൊണ്ടില്ല. ചര്‍ച്ചയില്‍ എതിര്‍ത്ത ശേഷം വോട്ടെടുപ്പ് വരുമ്പോള്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പല ബില്ലിലും സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തു. രാജ്യസഭയില്‍ പ്രതിപക്ഷത്തിനുള്ള ഭൂരിഭക്ഷം സര്‍ക്കാറിന് ഒന്നിനും ഭീഷണിയായില്ല.
17-ാം ലോക്‌സഭയുടെ ഒന്നാം സെഷനില്‍ സഭ സമ്മേളിച്ചത് 37 ദിവസങ്ങളിലായി 280 മണിക്കൂറാണ്. 35 ബില്ലുകളാണ് പാസാക്കിയെടുത്തത്. 1952 ലെ ലോക്‌സഭയിലെ ആദ്യ സെഷനില്‍ 67 സിറ്റിംഗുകളിലായി 24 ബില്ലുകള്‍ പാസാക്കിയതാണ് ഇതിന് മുമ്പത്തെ റിക്കോര്‍ഡ്. ഇത് മറികടക്കാന്‍ മോദി, അമിത് ഷാ സഖ്യത്തിന് കഴിഞ്ഞു.
ഈ സെഷനിലെ ലോക്‌സഭയിലെ ഉത്പാദന ക്ഷമത 127 ശതമാനമാണ്. ജൂണ്‍ 17ന് തുടങ്ങിയ സെഷന്‍ ആഗസ്റ്റ് ആറിനാണ് അവസാനിച്ചത്. 70 മണിക്കൂറും 42 മിനിറ്റും അധികം പാര്‍ലമെന്റ് സമ്മേളനത്തിനായി ചെലവിട്ടു. പി ആര്‍ എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ടീമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 36 ശതമാനം ചോദ്യങ്ങള്‍ക്ക് വാക്കാല്‍ മറുപടി നല്‍കി. 94 ശതമാനം കന്നി എം പിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. 96 ശതമാനം വനിതാ എം പിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. 25 ബില്ലുകള്‍ ബജറ്റ് സെഷനിലാണ് ചര്‍ച്ച ചെയ്തത്.