Sports
കുഞ്ഞു മെസ്സിക്ക് അവസരപ്പെരുമഴ

കാസർകോട്: എതിരാളികളെ കബളിപ്പിച്ച് പന്തുമായി മുന്നേറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് ഫുട്ബോൾ ലോകത്തേക്കുള്ള നിരവധി വാതിലുകളാണ് തുറന്നിരിക്കുന്നത്. കാസർകോട്ടെ ലിറ്റിൽ മെസ്സിക്ക് മികച്ച ഫുട്‌ബോൾ പരിശീലനം ലഭ്യമാക്കാൻ എല്ലാ പിന്തുണയും സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്്മാൻ, കൗൺസിൽ സെക്രട്ടറി കെ വി രാഘവൻ എന്നിവരുൾപ്പെട്ട സംഘം മഹ്‌റൂഫിനെ സന്ദർശിച്ചു. യാതൊരു പരിശീലനവുമില്ലാതിരുന്നിട്ടും ഫുട്‌ബോളിൽ മികച്ച പ്രകടനം നടത്തിയ ഈ പന്ത്രണ്ടുകാരന് കൗൺസിൽ ഫുട്‌ബോൾ കിറ്റ് സമ്മാനിച്ചു.
മഹ്‌റൂഫിന്റെ താത്പര്യമനുസരിച്ച് പ്രൊഫഷനൽ സ്ഥാപനങ്ങളിൽ മികച്ച പരിശീലനം നൽകാനാണ് സർക്കാർ തീരുമാനമെന്ന് ഹബീബ് റഹ്്്മാൻ പറഞ്ഞു. സമ്മതമാണെങ്കിൽ തിരുവനന്തപുരത്തെ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കാൽപ്പന്തിലൂടെ മായാജാലം സൃഷ്ടിച്ച ഈ യുവതാരത്തെ തേടി പ്രൊഫഷനൽ ക്ലബ്ബുകൾ സമീപിച്ചതായി ഫിഫയുടെയും യുവേഫയുടെയും അംഗീകാരമുള്ള ലണ്ടനിലെ ഇൻവെന്റീവ് സ്‌പോർട്‌സ് എന്ന ഫുട്‌ബോൾ കൺസൾട്ടൻസിയുടെ ഇന്ത്യൻ ഏജന്റും പ്രമുഖ താരങ്ങളുടെ കരാറുകൾക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മൊഗ്രാൽ സ്വദേശി ഷക്കീൽ അബ്ദുല്ല പറഞ്ഞു. ഐ എസ് എൽ, ഐ ലീഗിലെ വമ്പൻമാരായ കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ് സി, അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, ഗോകുലം കേരള എഫ് സി തുടങ്ങിയ ക്ലബ്ബുകളാണ് താത്പര്യം പ്രകടിപ്പിച്ചത്. ഈ ക്ലബുകളുടെ ട്രയൽസിൽ പങ്കെടുപ്പിക്കാൻ തയ്യാറാണെന്ന് ക്ലബ് അധികൃതർ തന്നെ അറിയിച്ചതായി ഷകീൽ പറഞ്ഞു. ട്രയൽസിൽ പങ്കെടുത്ത് മികവ് പുറത്തെടുക്കാനായാൽ പ്രൊഫഷനൽ ട്രെയിനിംഗ് അക്കാദമികളിൽ മികച്ച കോച്ചിന്റെ കീഴിൽ പരിശീലനം നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട് മഹ്‌റൂഫിനെ നിരവധി പ്രമുഖരാണ് പ്രശംസിച്ചത്. തന്നെക്കാൾ മുതിർന്നവരുമായി ഫുട്‌ബോൾ കളിക്കുന്ന ദൃശ്യം മഹ്‌റൂഫിന്റെ കൂട്ടുകാരാണ് പകർത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും തുടർന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഫേസ്ബുക്ക് പേജായ മഞ്ഞപ്പടയിൽ ഷെയർ ചെയ്യുകയുമായിരുന്നു. പിന്നീട് മുൻ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഇയാൻ ഹ്യൂം, സ്പാനിഷ് താരം ഹാൻസ് മൾഡർ തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുകയും മഹ്‌റൂഫിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ജി എച്ച് എസ് എസ് അഡൂരിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മഹ്‌റൂഫ്. പനി ബാധിച്ചതിനാൽ ട്രയൽസിനായി മഹ്റൂഫിനെ ദൂരദേശങ്ങളിലേക്ക് അയക്കാൻ സാധിച്ചില്ലെന്ന് പിതാവ് ബി പി മുഹമ്മദ് പറഞ്ഞു. തന്റെ ഉപജീവനമാർഗമായ കൂലിപ്പണിക്കിടയിലും മകന്റെ കാൽപന്ത് കളിയിലെ മികവിന് എല്ലാവിധ പിന്തുണയും നൽകിവരുന്നു. മാതാവ് മിസ്‌രിയയും സഹോദരങ്ങളായ പ്ലസ്ടു വിദ്യാർഥി മർസൂഖും രണ്ടാം ക്ലാസിൽ പഠിക്കുന്ന മഹ്‌സൂഖും മഹ്‌റൂഫിന്റെ കളി മികവ് ലോകമറിഞ്ഞതിന്റെ സന്തോഷത്തിലാണ്.