Connect with us

National

സുഷമ സ്വരാജ് അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന് ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.7.30ഓടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 11ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.സുഷമ സ്വരാജിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അഗാധമായ ദു:ഖം രേഖപ്പെടുത്തി

ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. വാജ്‌പേയ് സര്‍ക്കാറിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചു. ഏഴ് തവണ ലോക്‌സഭ അംഗമായിരുന്നു. നിലവില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്.

ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് .ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ് 1977 ല്‍ ഇവര്‍ ഹരിയാന നിയമസഭയില്‍, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേവലം 25 വയസ്സായിരുന്നു പ്രായം

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. ഹരിയാനയില്‍ ബി ജെ പി ലോക്ദള്‍ സഖ്യത്തിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദേവിലാല്‍ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവരുടെ നേതൃത്വപാടവം, ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയര്‍ത്തി.
1990 ഏപ്രിലില്‍ സുഷമാ സ്വരാജ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ പതിനൊന്നാം ലോകസഭയിലേക്ക് ദക്ഷിണ ഡെല്‍ഹിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു കോണ്‍ഗ്രസ്സിലെ പ്രബലനായിരുന്ന കപില്‍ സിബലിനേയായിരുന്നു അന്ന് സുഷമ പരാജയപ്പെടുത്തിയത്. 114006 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു ലോകസഭയിലേക്കുള്ള സുഷമയുടെ കന്നി വിജയം . 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ സുഷമ, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സുഷമ വീണ്ടും അതേ മണ്ഡലത്തില്‍ നിന്നും 12ആം ലോകസഭയിലേക്കു തിരിച്ചെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ അജയ് മാക്കനെയാണ് 116713 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുഷമ പരാജയപ്പെടുത്തിയത് . വാജ്‌പേയി മന്ത്രി സഭയില്‍ വീണ്ടും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത്തവണ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു.

999 ല്‍ കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കാന്‍ പാര്‍ട്ടി സുഷമാ സ്വരാജിനോടാവശ്യപ്പെട്ടു. പാരമ്പര്യമായി കോണ്‍ഗ്രസ്സിനെ മാത്രം തുണയ്ക്കുന്ന ഒരു മണ്ഡലമാണ് ബെല്ലാരി. വളരെ ചുരുങ്ങിയ ദിവസത്തെ തിരഞ്ഞെടുപ്പു പര്യടനം കൊണ്ടു മാത്രം ബി ജെ പിക്ക് യാതൊരു അടിത്തറയുമില്ലാത്ത ബെല്ലാരി മണ്ഡലത്തില്‍ സുഷമ 3,58,550 വോട്ടുകള്‍ നേടി .56,100 വോട്ടുകള്‍ക്കാണ് സുഷമ അന്ന് പരാജയപ്പെട്ടത്

Latest