Connect with us

Kerala

പോലീസ് വീഴ്ച പ്രകടം; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സംഭവ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷിമൊഴി മാത്രമാണ് പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസ് ആവശ്യം കോടതി തള്ളി. അപകട സമയത്ത് ശ്രീറാം മദ്യപിച്ച നിലയിലായിരുന്നുവോ എന്ന് കോടതി ചോദിച്ചപ്പോള്‍ അതെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. എന്നാല്‍, മദ്യപിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന രക്തപരിശോധനാ ഫലമാണ് കോടതിക്കു മുമ്പിലെത്തിയത്.

സംഭവം നടന്ന് നിശ്ചിത സമയത്തിനകം രക്തസാമ്പിള്‍ പരിശോധിക്കാതെ പോലീസ് വിട്ടയച്ചതാണ് കോടതിയില്‍ ശ്രീറാമിന് തുണയായത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് വിട്ടയച്ചതും പ്രതി സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയതുമെല്ലാം കേസ് അട്ടിമറിക്കാനാണെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ഐ എ എസ് ഉദ്യോഗസ്ഥനെ സഹായിക്കാന്‍ പോലീസ് കാണിച്ച വ്യഗ്രതയും നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിറാജ് മാനേജ്‌മെന്റും മാധ്യമങ്ങളും പത്ര പ്രവര്‍ത്തക യൂണിയനുമെല്ലാം പോലീസ് വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

 

Latest