National
ബാബ്‌രി മസ്ജിദ് കേസ്: വിചാരണയുടെ ലൈവ് സംപ്രേഷണം, ഓഡിയോ റെക്കോഡിംഗ് അനുവദിക്കില്ല-സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസിലെ വിചാരണ നടപടികളുടെ ലൈവ് സംപ്രേഷണമോ ഓഡിയോ റെക്കോഡിംഗോ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് അഞ്ചംഗ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ബി ജെ പി മുന്‍ നേതാവും ആര്‍ എസ് എസ് വക്താവുമായ കെ എന്‍ ഗോവിന്ദാചാര്യയാണ് കേസിലെ ദിനംപ്രതിയുള്ള നടപടികളുടെ ലൈവ് സംപ്രേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
ദേശീയ പ്രാധാന്യമുള്ള കേസാണിത്. ഹരജിക്കാരന്‍ ഉള്‍പ്പടെ കോടതി നടപടിക്രമങ്ങള്‍ വീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കോടിക്കണക്കിനു പേരുണ്ട്. എന്നാല്‍, സുപ്രീം കോടതിയുടെ നിലവിലുള്ള ചട്ടങ്ങള്‍ അതിനു പ്രതിബന്ധമാകുന്നു-
ഗോവിന്ദാചാര്യയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹരജി കോടതി തള്ളി. കേസില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ പാനലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ദിവസം തോറും വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തീരുമാനിക്കുകയായിരുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി എഫ് എം ഐ ഖലീഫുല്ല, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ പാനലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് കോടതിക്കു പുറത്ത് പരിഹാരം കാണുന്നതിന്് ഹിന്ദു, മുസ്‌ലിം ഹരജിക്കാരുമായി നാലര മാസത്തോളം നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.