കുട്ടികളിലെ ഹ്രസ്വദൃഷ്ടി: മൊബൈൽ ഉപയോഗം കുറക്കണം

Posted on: August 5, 2019 6:26 pm | Last updated: August 5, 2019 at 6:26 pm

കൊച്ചി:വിദ്യാർഥികളിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും കായിക പ്രവർത്തനങ്ങളിലേർപ്പെടാൻ അവർക്ക് കൂടുതൽ അവസരം നൽകുകയും ചെയ്യുന്നത് വഴി കുട്ടികളിലെ മയോപ്പിയ (ഹ്രസ്വദൃഷ്ടി) തടയാൻ കഴിയുമെന്ന് നേത്രരോഗ വിദഗ്ധർ. മയോപ്പിയക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാളും രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും നടപ്പാക്കുന്ന മയോപ്പിയ(ഹ്രസ്വദൃഷ്ടി) ബോധവത്കരണ പരിപാടിയായ “ബാലദർശന്റെ’ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് വിദഗ്ധർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസും (കെ എസ് ഒ എസ്) ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായാണ് സ്‌കൂൾ തല ബോധവത്കരണ പരിപാടികൾ നടത്തുന്നത്.

2050 ഓടെ ലോകജനസംഖ്യയിൽ പകുതിയും മയോപ്പിയ ബാധിതരായിരിക്കുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ദൗത്യം ഇന്ത്യയിലാദ്യമായി കേരളത്തിൽ നടപ്പാക്കുന്നതെന്ന് ബാലദർശൻ ഉദ്ഘാടനം ചെയ്ത ഐ എം എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. എം ദിനേശും പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ച ഐ എം എ അന്ധതാ നിയന്ത്രണ സമിതി കൺവീനർ ഡോ. സാജു ജോസഫും പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാ സ്‌കൂളുകളിലും ബോധവത്കരണ പരിപാടികളും ചികിത്സാ ക്ലിനിക്കുകളും സംഘടിപ്പിക്കുന്നതിലൂടെ മയോപ്പിയ ബാധിതരായ കുട്ടികളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ഡോ. ഡി ബാലാമണി അധ്യക്ഷത വഹിച്ചു. ഡോ. എസ് ശശികുമാർ, ഡോ. എൻ രാധാകൃഷ്ണൻ, ഡോ. സുന്ദരി മേനോൻ, ഡോ. സി കെ മീന, ഡോ. സോണി ജോർജ് സംസാരിച്ചു.