വാട്‌സ്ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പേരുകളിൽ ഫേസ്ബുക്ക് മാറ്റം വരുത്തുന്നു

Posted on: August 4, 2019 8:15 pm | Last updated: August 5, 2019 at 8:20 pm

കാലിഫോർണിയ: വാട്‌സ്ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പേരുകളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ രണ്ട് ആപ്പുകളുടെയും പാരന്റ് കമ്പനിയായ ഫേസ്ബുക്ക് രംഗത്ത്. വാട്‌സ്ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫേസ്ബുക്ക് എന്നു ചേർക്കാനാണ് പുതിയ തീരുമാനം. “വാട്‌സ്ആപ്പ് ഫ്രം ഫേസ്ബുക്ക്’, “ഇൻസ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക് എന്നിങ്ങനെയായിരിക്കും പേരുമാറ്റം. ഇവ രണ്ടും ഫേസ്ബുക്കിന്റേതാണെന്ന് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുകയാണ് പേരുമാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

വാട്‌സ് ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും സ്ഥാപകർ കമ്പനി വിറ്റതിന് ശേഷവും ഫേസ്ബുക്കിനൊപ്പം ജോലി ചെയ്തിരുന്നു. അവർ കഴിഞ്ഞ വർഷങ്ങളിൽ രാജിവെച്ചു പുറത്തു പോകുകയായിരുന്നു. ഇത് സക്കർബർഗുമായി ഉണ്ടായ ഉരസലിനെ തുടർന്നാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്തായാലും താൻ കാശുമുടക്കി കൊണ്ടു നടക്കുന്ന കമ്പനികൾക്ക് തന്റെ ബാനർ പതിക്കാൻ തന്നെയാണ് സക്കർബർഗിന്റെ തീരുമാനം. ഇത് ദോഷകരമായി ബാധിക്കുമെന്നും ഒരു കൂട്ടർ പറയുന്നു. എന്നാൽ, ഫോണിന്റെയും ടാബ്ലറ്റിന്റെയും ഹോം സ്‌ക്രീനുകളിൽ നിലവിലുള്ള പേരു തന്നെയാണുണ്ടാവുക. ആപ്പ് സ്റ്റോറുകളിലും വെബ്‌സൈറ്റുകളിലുമാണ് പേരുമാറ്റമുണ്ടാവുക.
ഇതിനിടെ ഇൻസ്റ്റഗ്രാമും വാട്‌സ് ആപ്പും പുതിയ ഫീച്ചേർസ് കൊണ്ടു വരാനും ഒരുങ്ങുന്നുണ്ട്. അതിൽ ഇൻസ്റ്റഗ്രാം ലൈക്കുകളുടെ എണ്ണം കാണിക്കാത്ത നടപടി സ്വീകരിക്കാനാണ് ഇൻസ്റ്റഗ്രാം ഒരുങ്ങുന്നത്.
അതേസമയം വാട്‌സ് ആപ്പ് ഫ്രിക്വന്റ്‌ലി ഫോർവേർഡെഡ് എന്ന് ഫീച്ചർ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. എന്തായാലും ഫേസ്ബുക്കിന്റെ ഈ നടപടി ഇപ്പോഴും വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സക്കർബർഗിന്റെ ഈ തീരുമാനം ദോഷം വരുത്തുകയാണെന്നാണ് ഒരു കൂട്ടം പറയുന്നത്.