ആദ്യാവസാനം നാടകം

Posted on: August 4, 2019 11:05 pm | Last updated: August 5, 2019 at 6:09 pm
പ്രഹസനം: ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാനായി ആംബുലൻസിൽ കൊണ്ടുപോകുന്നു

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊന്ന ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്ക് മാറ്റി. ജയിലിലേക്ക് മാറ്റാനായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ജയിലിന് മുന്നിൽ വെച്ച് ജയിൽ ഡോക്ടർ പരിശോധിച്ചതിനു ശേഷം ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ജയിൽ സെല്ലിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ജയിലിനു മുന്നിൽ രണ്ട് മണിക്കൂറോളം നീണ്ട നാടകത്തിന് ശേഷമാണ് ജയിൽ സൂപ്രണ്ടും ജയിൽ ഡോക്ടറും ചേർന്ന് ചർച്ച ചെയ്ത് മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
കിംസ് ആശുപത്രിയിൽ സുഖചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ, മാധ്യമങ്ങളുടെയും പത്രപ്രവർത്തക യൂനിയന്റെയും ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സിറാജ് മാനേജ്‌മെന്റിന്റെയും സമ്മർദത്തെ തുടർന്നാണ് കിംസിൽ നിന്ന് മാറ്റാൻ തയ്യാറായത്. തുടർന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറിയുടെയും പോലീസ് റിപ്പോർട്ടിന്റെയും പരിശോധന നടത്താനായി വൈകുന്നേരം മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
വൈകീട്ട് 5.15 ഓടെയാണ് കിംസ് ആശുപത്രിയിൽ നിന്ന് അവരുടെ തന്നെ ആംബുലൻസിൽ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് ശ്രീറാമിനെ കൊണ്ടുവന്നത്. മുഖം മറയ്ക്കുന്നതിനായി മാസ്‌ക് ധരിച്ചാണ് സ്ട്രച്ചറിൽ ആശുപത്രിയിൽ നിന്ന് പുറത്തെടുത്തത്. ഗുരുതര പരുക്കുകളുണ്ടെന്ന് തോന്നിപ്പിക്കും വിധം ആംബുലൻസിൽ എത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം ബഷീറിനെ ബൈക്കിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുമ്പോഴും മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴും ശ്രീറാമിന് ശാരീരിക അസ്വസ്ഥതകൾ ഒന്നുമുണ്ടായിരുന്നില്ല. ജനറൽ ആശുപത്രിയിലും കിംസ് ആശുപത്രിയിലും എത്താൻ പരസഹായം തേടിയിരുന്നില്ല. എന്നാൽ, ഗുരുതര പരുക്കേറ്റെന്ന് തോന്നിപ്പിക്കും വിധമാണ് ഇന്നലെ കിംസ് ആശുപത്രിയിൽ നിന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിച്ചത്.
കിംസ് ആശുപത്രിയിൽ പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും വൻസന്നാഹം ഒരുക്കിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസിലാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. ഉൾവശം കാണാത്ത ആംബുലൻസിലായിരുന്നു യാത്ര. കിംസ് ആശുപത്രിയിൽ ഫോണും ഇന്റർനെറ്റും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ശ്രീറാമിന്റെ സുഹൃത്തുക്കൾ ഒരുക്കിയിരുന്നു.
അഞ്ചരക്ക് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് ആർ അമലിന്റെ വസതിയിൽ ശ്രീറാമിനെ എത്തിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറിയും പോലീസ് റിപ്പോർട്ടും പരിശോധിച്ചതിനു ശേഷം ജില്ലാ ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് നിർദേശിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന നിഗമനത്തിലാണ് മജിസ്‌ട്രേറ്റ് എത്തിച്ചേർന്നത്.
ആംബുലൻസിലേക്ക് എത്തിയാണ് ശ്രീറാമിനെ മജിസ്‌ട്രേറ്റ് പരിശോധിച്ചത്. ശ്രീറാം വെങ്കിട്ടരാമന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. അപകടത്തിനു ശേഷം ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം ചികിത്സക്കായി കിംസ് ആശുപത്രി തിരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിലേക്ക് മാറ്റാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടണമെന്ന ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം നിയമവിരുദ്ധമാണെങ്കിലും പോലീസ് സമ്മതിക്കുകയായിരുന്നു. ആദ്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 എ വകുപ്പ് എടുത്തിരുന്ന പോലീസ് പിന്നീടാണ് മനഃപൂർവമായ നരഹത്യക്കുളള ജാമ്യമില്ലാ വകുപ്പായ 304 ചുമത്തിയത്. ശനിയാഴ്ച ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്യുകയായിരുന്നു.