Kerala
തെളിവുകള്‍ അട്ടിമറിച്ചു; ശ്രീറാമിന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധന ഫലത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ടാണ് ഉള്ളതെന്നാണ് അറിയുന്നത്. രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്താന്‍ പോലീസ് തയ്യാറായ്ത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയ മനപ്പൂര്‍വ്വമായി രക്തപരിശോധന വൈകിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. രക്ത പരിശോധനക്ക് പ്രതി അനുവാദം നല്‍കാത്തതിനാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയെ രക്തം പരിശോധനക്കെടുക്കാനാകുവെന്നാണ് പോലീസ് ന്യായീകരിച്ചത്. എന്നാല്‍ ഇത് പ്രതിയെ സംരക്ഷിക്കാനാണെന്ന് തുടക്കംമുതലെ വ്യക്തമായിരുന്നു. തെളിവുകള്‍ അട്ടിമറിക്കാന്‍ പോലീസും ഐഎഎസ് ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് നടത്തിയ കള്ളക്കളിയുടെ ഭാഗമായാണ് രക്തപരിശോധന ഫലത്തെ കാണാനാകു.