National
സംഘര്‍ഷാവസ്ഥ: ഇര്‍ഫാന്‍ പത്താനും ജമ്മു കശ്മീര്‍ ടീമംഗങ്ങളും സംസ്ഥാനം വിടണമെന്ന് നിര്‍ദേശം

ശ്രീനഗര്‍: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമംഗങ്ങളും ഉടന്‍ സംസ്ഥാനം വിട്ടുപോകണമെന്ന് സര്‍ക്കാര്‍ ഉപദേശക സമിതി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജീവനക്കാരും നൂറോളം വരുന്ന ക്രിക്കറ്റ് താരങ്ങളും വീടുകളിലേക്ക് മടങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ടീം ഉപദേഷ്ടാവ് ഇര്‍ഫാന്‍ പത്താന്‍, കോച്ച് മിലാര് മെവാദ, ട്രെയിനര്‍ വി പി സുദര്‍ശന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ന് വൈകീട്ടോടെ തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സി ഇ ഒ. സയ്യിദ് ആഷിഖ് ഹുസൈന്‍ ബുഖാരി പറഞ്ഞു. ഷേര്‍ ഇ കശ്മീരില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി താരങ്ങള്‍ ഇപ്പോള്‍ത്തന്നെ സംസ്ഥാനം വിട്ടിട്ടുണ്ട്.
നിലവിലെ തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥ അവസാനിച്ചു കഴിഞ്ഞാലുടന്‍ ക്യാമ്പുകള്‍ പുനരാരംഭിക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.