Connect with us

Editors Pick

ഇനിയില്ല, ആ ബൈലൈന്‍

Published

|

Last Updated

കെ എം ബഷീറിനെ അനുസ്മരിക്കുന്നവര്‍ എല്ലാം ഒരേ സ്വരത്തില്‍ പറയുന്നൊരു വാചകമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സൗമ്യ സാന്നിധ്യം. പെരുമാറ്റത്തില്‍ സൗമ്യനായിരുന്നു ബഷീറെങ്കില്‍ വാര്‍ത്തകളെ ഗൗരവത്തില്‍ സമീപിക്കുന്നതായിരുന്നു ബഷീറിന്റെ ശൈലി. ബശീര്‍ വാണിയന്നൂര്‍ എന്ന തൂലികാ നാമത്തില്‍ തുടങ്ങി കെ എം ബഷീര്‍ എന്ന കരുത്തുറ്റ ബൈലൈനിലേക്കുള്ള ദൂരത്തിനിടയില്‍ ശ്രദ്ധേയമായ നിരവധി അടയാളപ്പെടുത്തലുകള്‍ക്ക് ബഷീറിന് സാധിച്ചിരുന്നു.

സ്വര്‍ണ വിപണിയിലെ പൊള്ളത്തരങ്ങളിലേക്കും കാണാകാഴ്ചകളിലേക്കും വെളിച്ചം വീശിയ “മിന്നുന്നതെല്ലാം പൊന്നല്ല” എന്ന വാര്‍ത്താ പരമ്പര തന്നെ ഇതിന് മികച്ച ഉദാഹരണമായിരുന്നു. ജേര്‍ണലിസമെന്നാല്‍ സെന്‍സേഷണലിസമാണെന്ന മിഥ്യാധാരണ തിരുത്തി നേരും നീതിയുമാണ് മാധ്യമ ധര്‍മമെന്ന് ബഷീറിന്റെ തൂലിക വിളിച്ചുപറഞ്ഞു. ആരെയും വേദനിപ്പിക്കാതെ, എന്നാല്‍ സത്യങ്ങള്‍ തുറന്നെഴുതുന്നതില്‍ ഒട്ടും മടി കാണിക്കാതെ ബഷീര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട ഇടം കണ്ടെത്തുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ഉറവിടങ്ങള്‍ ബന്ധങ്ങളാണ്. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക മേഖലയിലെ ഉന്നതരുമായി നിലനിര്‍ത്തിയ സൗഹൃദവലയം പല വാര്‍ത്തകളും ആദ്യം വായനക്കാരിലെത്തിക്കാന്‍ ബഷീറിന് അവസരമൊരുക്കി. വാര്‍ത്തകള്‍ എഴുതുന്നതില്‍ മാത്രമല്ല, ആ വാര്‍ത്തകള്‍ക്ക് പിറകില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്.

നിയമസഭാ റിപ്പോര്‍ട്ടിംഗാണ് ബഷീറിനെ ശ്രദ്ധേയനാക്കിയ മറ്റൊരു മേഖല. നിയമസഭയുടെ നടുത്തളത്തില്‍ അരങ്ങേറുന്ന ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ച് സരളമായ ഭാഷയില്‍ അത് വായനക്കാരില്‍ എത്തിക്കുന്ന
തില്‍ പ്രതിഭാധനനായ ആ മാധ്യമ പ്രവര്‍ത്തകന്‍ ഏറെ വിജയിച്ചു. ബഷീറിന്റെ സരളവും സുവ്യക്തവുമായ വാര്‍ത്തയെഴുത്ത് രീതി നിയമസഭാ വാര്‍ത്തകള്‍ കൃത്യമായി മനസ്സിലാക്കാന്‍ വായനക്കാരെ സഹായിച്ചു. അതുകൊണ്ട് തന്നെ നിയമസഭാ സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആകാശവാണി തിരഞ്ഞെടുത്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ പാനലില്‍ ബഷീറും ഇടംപിടിച്ചിരുന്നു. നിയമസഭാ അവലോകനത്തിന് പുറമെ പ്രത്യേക വാര്‍ത്താ വിശകലന പരിപാടികളും ബഷീര്‍ ആകാശവാണിയില്‍ അവതരിപ്പിച്ചിരുന്നു.

കേരള നിയമസഭയുടെ എക്കാലത്തെയും മികച്ച നിയമസഭാ അവലോകനങ്ങള്‍ സമാഹരിച്ചു “പ്രസ് ഗ്യാലറി കണ്ട സഭ” എന്ന പേരില്‍ കേരള മീഡിയാ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ബഷീറിന്റെ റിപ്പോര്‍ട്ട് ഇടംനേടിയത് ആ മികവിനുള്ള ഔദ്യോഗിക അംഗീകാരമാണ്. പ്രമുഖ സൂഫീ വര്യന്‍ വടകര മുഹമ്മദ് ഹാജി തങ്ങളുടെയും തിത്താച്ചു ഹജ്ജുമ്മയുടെയും മകനായി 1984 ജൂലൈ 13നാണ് കെ എം ബഷീര്‍ എന്ന കെ മുഹമ്മദ് ബഷീറിന്റെ ജനനം. വാണിയന്നൂര്‍ മുനീറുല്‍ ഇസ്ലാം മദ്റസയിലും വാണിയന്നൂര്‍ എ എം യു പി സ്‌കൂളിലും പ്രാഥമിക പഠനം. തുടര്‍ന്ന് പ്ലസ് ടു വരെ കാരന്തൂര്‍ മര്‍കസ് ബോര്‍ഡിംഗ് മദ്റസയില്‍ പഠിച്ച ബഷീര്‍ പിന്നീട് തിരൂരിലെ സ്വകാര്യ കോളജില്‍ നിന്ന് ബി എസ് സി മാത്തമാറ്റിക്സില്‍ ബിരുദം നേടി. ശേഷം ജേര്‍ണലിസത്തില്‍ ഡിപ്ലോമ എടുത്താണ് മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നത്.

2003ല്‍ തിരൂരില്‍ പ്രാദേശിക ലേഖകനായാ
ണ് ബഷീര്‍ സിറാജിന്റെ പടവുകള്‍ ചവിട്ടുന്നത്. ആ കാലത്ത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ ബൈലൈന്‍ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ചത് ബഷീറായിരുന്നു. ഈ മികവാണ് ബഷീറിനെ പിന്നീട് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി നിയമിക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. മലബാറിലെ മുസ്ലിം പൊളിറ്റിക്സ് ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക വാര്‍ത്താ വിശകലനങ്ങള്‍ വായനക്കാര്‍ക്ക് നല്‍കിയ ബഷീറിന് പിന്നീട് പുതിയ പുതിയ അവസരങ്ങള്‍ മാനേജ്മെന്റ് നല്‍കി. മലപ്പുറത്ത് നിന്ന് 2006ല്‍ തിരുവനന്തപുരം ബ്യൂറോയിലെത്തിയ ബഷീര്‍ 2009ല്‍ ബ്യൂറോ ചീഫായി നിയമിതനായി. പിന്നെ എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ അടക്കം ശ്രദ്ധയാകര്‍ഷിച്ച നിരവധി
വാര്‍ത്തകള്‍ ബഷീറിന്റെ തൂലികയില്‍ പിറന്നു.

ബഷീറിന്റെ പ്രവര്‍ത്തന മികവ് തിരുവനന്തപുരത്ത് സിറാജിന് എഡിഷന്‍ തുടങ്ങുന്നതിനും കോപ്പികള്‍ വര്‍ധിപ്പിക്കുന്നതിനും വഴിയൊരുക്കി. 2017ല്‍ തിരുവനന്തപുരം യൂനിറ്റ് മേധാവിയായി ചുമതലയേറ്റതോടെ സിറാജിന് കൂടുതല്‍ കരുത്ത് പകരാന്‍ വിശ്രമമില്ലാതെ അധ്വാനിക്കുകയായിരുന്നു ആ യുവ മാധ്യമ പ്രവര്‍ത്തകന്‍. മരണത്തിന് തൊട്ടു മുമ്പ് വരെ സിറാജിന്റെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ബഷീര്‍. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ ശേഷം വീട്ടിലേക്ക് പോകും വഴിയാണ് ആ ശ്വാസം നിലച്ചത്. മദ്യപിച്ച് മദോന്മത്തനായി ബഷീറിന്‌നേരെ വാഹനമോടിച്ച് കയറ്റിയ ഐ എ എസുകാരനെ രക്ഷപ്പെടുത്താന്‍ പോലീസ് സര്‍വ പ്രയത്നവും നടത്തിയിട്ടും ഫലം കാണാതിരുന്നത് ഒരുപക്ഷേ ബഷീറിന്റെ നന്മകള്‍ കാരണമാകാം.

ബഷീറിന് നീതി ലഭ്യമാക്കുന്നതില്‍ സഹ പ്രവര്‍ത്തകരും സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഒറ്റക്കെട്ടായി നിന്നതാണ് ശ്രീ റാം വെങ്കിട്ടരാമന്റെ അറസ്റ്റിലേക്ക് നയിച്ചത്. കെ എം ബഷീര്‍ എന്ന ബൈലൈന്‍ ഇനി ഇല്ലെങ്കിലും ആ നാമം അനുവാചക കേരളം എക്കാലവും നെഞ്ചേറ്റുമെന്ന് ഉറപ്പാണ്. അതായിരുന്നു ബഷീര്‍.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

---- facebook comment plugin here -----

Latest