Kerala
ശ്രീറാമിനെതിരെ ശക്തമായ തെളിവുകള്‍; രക്തപരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്ന് പോലീസ്

തിരുവനന്തപുരം: സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകടം വരുത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചതായി പോലീസ്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. അപകടമുണ്ടാക്കിയത് ശ്രീറാമാണെന്നും അദ്ദേഹം മദ്യലഹരിയിലായിരുന്നെന്നും അപകട സമയത്ത് കൂടെയുണ്ടായിരുന്ന വഫ ഫിറോസ് പോലീസിന് മൊഴി നല്‍കിയിരുന്നു.
നേരത്തെ, ശ്രീറാമിനെ ചോദ്യം ചെയ്യാതെയും രക്തസാമ്പിള്‍ പരിശോധിക്കാന്‍ നടപടിയെടുക്കാതെയും പോലീസ് വിട്ടയച്ചത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുകയാണെന്ന് വ്യാപക ആക്ഷേപമുയര്‍ന്നു. പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി മാധ്യമ പ്രവര്‍ത്തകരും ബഷീറിന്റെ കുടുംബവും രംഗത്തെത്തി. അപകടത്തില്‍ നിസാര പരുക്കേറ്റ ശ്രീറാം സ്വകാര്യാശുപത്രിയില്‍ ചികിത്സക്കു പോയതും വഫയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതുമെല്ലാം സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. “തുടക്കം മുതല്‍ പോലീസ് ഒത്തുകളിക്കുകയാണ്. രക്തപരിശോധന വൈകിച്ചതില്‍ ദുരൂഹതയുണ്ട്. സാക്ഷികള്‍ മൊഴിമാറ്റുമെന്ന ആശങ്കയുണ്ട്.”- ബഷീറിന്റെ സഹോദരന്‍ പറഞ്ഞു.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് 150 കിലോമീറ്റര്‍ വേഗതയില്‍ വന്ന കാറിടിച്ച് ബഷീര്‍ മരിച്ചത്. താനല്ല കാറോടിച്ചതെന്നാണ് ശ്രീറാം വെങ്കിട്ടരാഘവന്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍, മദ്യലഹരിയില്‍ വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയതോടെ പ്രതിക്ക് നില്‍ക്കക്കള്ളിയില്ലാതായി. വഫയുടെ രഹസ്യ മൊഴിയും പ്രതിക്കെതിരായി. ശ്രീറാം മദ്യപിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടടുത്ത് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ബഷീര്‍ മരിക്കാനിടയായ അപകടം നടന്നത്. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി ഇവിടെ പാര്‍ക്കു ചെയ്തിരുന്ന ബൈക്കെടുത്ത് താമസസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.