ഉന്നാവോ പെണ്‍കുട്ടിക്ക് ന്യുമോണിയ; നില അതീവ ഗുരുതരം

Posted on: August 3, 2019 7:19 pm | Last updated: August 3, 2019 at 7:19 pm

ലഖ്‌നോ: വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിക്ക് ചെറിയ രീതിയില്‍ ന്യുമോണിയ ബാധിച്ചതായും ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. ഇപ്പോള്‍ ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ കടുത്ത ആശങ്കയിലാണ്.

മികച്ച ചികിത്സയാണ് പെണ്‍കുട്ടിക്ക് കിട്ടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരെ വിശ്വാസത്തിലെടുത്താന്‍ കോടതി പറഞ്ഞിട്ടും പെണ്‍കുട്ടിയെ ലഖ്‌നോവിലെ ആശുപത്രിയില്‍ തന്നെ ചികിത്സിക്കുന്നത്. പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് ലഖോനോവില്‍ തന്നെ തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു.

അതേസമയം, ഉന്നാവ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ ഇന്ന് കുല്‍ദീപ് സെംഗര്‍ എം എല്‍ എ യെ ചോദ്യം ചെയ്തു. സീതാപൂര്‍ ജയിലിലെത്തിയാണ് സി ബി ഐ സംഘം എം എല്‍ യെ ചോദ്യം ചെയ്തത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിലാണ് സെംഗാര്‍ ജയിലിലായത്.