National
മോദിക്കു വേണ്ടി പ്രചാരണം: ആം ആദ്മി എം എല്‍ എ. കപില്‍ മിശ്രയെ സ്പീക്കര്‍ അയോഗ്യനാക്കി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടി പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി എം എല്‍ എ. കപില്‍ മിശ്രയെ അയോഗ്യനായി പ്രഖ്യാപിച്ചു. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ആണ് നടപടി സ്വീകരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ വിജയ് ഗോയല്‍, മനോജ് തിവാരി എന്നിവരുമായി മിശ്ര വേദി പങ്കിട്ട 2019 ജനുവരി 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നടപടി. നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കാരവല്‍ നഗറില്‍ നിന്നുള്ള നിയമസഭാംഗമായ കപില്‍ മിശ്ര പറഞ്ഞു.
എ എ പി നേതാവും എം എല്‍ എയുമായ സൗരഭ് ഭരദ്വാജ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സ്പീക്കര്‍ ഭരണഘടനയുടെ 10 ാം ഷെഡ്യൂള്‍ പ്രകാരം മിശ്രക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
മിശ്രയെ അയോഗ്യനാക്കിയതോടെ ഒഴിവു വന്ന കാരവല്‍ നഗര്‍ സീറ്റില്‍ ഉപ തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നതിനാലാണിത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പു പ്രകാരമാണിതെന്ന് പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.