ലാത്തിച്ചാര്‍ജ്: പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സി പി ഐ

Posted on: August 2, 2019 8:15 pm | Last updated: August 2, 2019 at 10:23 pm

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ എറണാകുളത്ത് സി പി ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, പി പി സുനീര്‍, പി ചാമുണ്ണി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ നടന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന്റെതാണ് തീരുമാനം.

യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി എം എല്‍ എയെ തല്ലിച്ചതച്ചിട്ടും ശക്തമായ പ്രതികരിക്കാന്‍ കാനം തയാറാകാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. സംഭവം നടക്കുമ്പോള്‍ താന്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പരിപാടി കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ അറിയില്ലെന്നു പറഞ്ഞെത് അതുകൊണ്ടാണെന്നുമായിരുന്നു കാനത്തിന്റെ വിശദീകരണം.

വിവരമറിഞ്ഞയുടന്‍ ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടിയുടെ മന്ത്രിമാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുമായി താന്‍
ഫോണില്‍ സംസാരിച്ചു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും കാനം മറുപടി നല്‍കി.