Kozhikode
മുത്വലാഖ് ബിൽ: മതേതര പാർട്ടികളുടെ നിലപാട് അപലപനീയം- എസ് വൈ എസ്

കോഴിക്കോട്: പാർലിമെന്റിൽ അവതരിപ്പിച്ച മുത്വലാഖ് ബില്ലിനോട് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ സ്വീകരിച്ച നിലപാട് അപലപനീയമാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ അവകാശത്തിന്റെ കടുത്ത ലംഘനമാണ് ബില്ല്. മുത്വലാഖ് നിയമപരമായി അംഗീകരിക്കാതിരിക്കുമ്പോഴും അതിന്റെ പേരിൽ ക്രിമിനൽ കേസെടുത്ത് മൂന്ന് വർഷം തടവ് ശിക്ഷ നിർദേശിക്കുന്ന വ്യവസ്ഥ രാജ്യത്തെ പൗരന്മാരുടെ ജീവിത താത്പര്യങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്.
ഇത്തരം വസ്തുതകൾ പാർലിമെന്റിൽ തുറന്നു കാണിക്കുന്നതിലും തങ്ങളുടെ പാർട്ടിയിൽപ്പെട്ട അംഗങ്ങളെ സഭയിൽ എത്തിച്ചു ബില്ല് പാസ്സാകുന്നത് തടയുന്നതിലും മതേതര കക്ഷികൾ പൂർണമായും പരാജയപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണം മുന്നിൽ വെച്ച് വോട്ടു വാങ്ങിയവർ രാജ്യത്തിന്റെ പരമോന്നത നിയമനിർമാണ സഭയായ പാർലിമെന്റിൽ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, റഹ്മത്തുല്ലാ സഖാഫി, എം അബൂബക്കർ മാസ്റ്റർ, എൻ എം സ്വാദിഖ് സഖാഫി, ആർ പി ഹുസൈൻ സംബന്ധിച്ചു.