നൗഷാദ് വധം എസ്ഡിപിഐ കരുതിക്കൂട്ടി നടത്തിയത്: ഉമ്മന്‍ ചാണ്ടി

Posted on: August 2, 2019 11:15 am | Last updated: August 2, 2019 at 1:36 pm

തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് എസ്ഡിപിഐക്കെതിരെ ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതികരിച്ചത്. നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേസിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമാണ്. നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.

അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പൊലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നു. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണം. അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 20 പേരെ കസ്റ്റഡിയിലെടുത്തതായി തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു. ഇവരെല്ലാം എസ്ഡിപിഐ ബന്ധമുളളവരാണെന്നും ഡിഐജി വ്യക്തമാക്കി.