Kerala
ശബരമലയില്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കും: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായി ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിനെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല ബെയ്‌സ് ക്യാമ്പായ നിലക്കലില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഗ്രീന്‍പ്രോട്ടോകോള്‍ ശക്തമായി നടപ്പാക്കും. പമ്പയിലും നില്ക്കലിലും വെള്ളം സംഭരിക്കുന്നതിനായി രണ്ട് ടാങ്കുകള്‍ അധികം സ്ഥാപിക്കും. കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വ്വീസ് നടത്തും.
നിലക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ജോലിക്കെത്തുന്ന പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സൗകര്യം നിലക്കലില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കും. ഭക്തര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന എല്ലാ വാട്ടര്‍ സോഴ്‌സുകളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുകയും ഡാമുകളില്‍ പോലീസ് സുരക്ഷ ഒരുക്കുകയും ചെയ്യും. വനംവകുപ്പ്, റവന്യൂവകുപ്പ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി വിഭാഗം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.