കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; പോക്‌സോ ഭേദഗതി ബില്‍ നിയമമാകുന്നു

Posted on: August 1, 2019 9:58 pm | Last updated: August 2, 2019 at 11:16 am

ന്യൂഡല്‍ഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകളാണ് ഭേദഗതി ബില്ലിലുള്ളത്.

കഴിഞ്ഞ ജനുവരി എട്ടിന് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ ലോക്‌സഭ പാസാക്കിയത്. കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. രാജ്യജനസംഖ്യയുടെ 39 ശതമാനം വരുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാകും.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷ കര്‍ശനമാക്കാനും ബില്‍ ശിപാര്‍ശ ചെയ്യുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളര്‍ച്ചക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍.