Kerala
ലീഗ് നേതൃത്വത്തിന്റെ മൗനം ഏറെ വേദനിപ്പിക്കുന്നു: കണ്ണൂരില്‍ കൊല്ലപ്പെട്ട റഊഫിന്റെ സഹോദരന്‍

കണ്ണൂര്‍: മുസ്ലിംലീഗിന് വേണ്ടി പ്രവര്‍ത്തിച്ച റഊഫിനെ എസ് ഡി പി ഐക്കാര്‍ വെട്ടിക്കൊന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം പുലര്‍ത്തിയ മൗനം ഏറെ വേദനിപ്പിച്ചെന്ന് സഹോദരന്‍. ലീഗ് കുടുംബമാണ് തങ്ങളുടേത്. ഞാനും ഉപ്പയും സഹോദരങ്ങളുമെല്ലാം ലീഗ് പ്രവര്‍ത്തകര്‍. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു റഊഫ്. എന്നിട്ടും കൊല്ലപ്പെട്ടപ്പോള്‍ നേതൃത്വം തിരിഞ്ഞ് നോക്കിയില്ല. ഇതില്‍ ഏറെ നിരാശയുണ്ടെന്ന് സഹോദരന്‍ ഒരു ചാനലിനോട് പ്രതികരിച്ചു.
എസ് ഡി പി ഐ- ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നാണ് റഊഫ് കൊല്ലപ്പെടുന്നത്. നേരത്തെ തന്നെ റഊഫിനെ ആക്രമിച്ചിരുന്നു. അതിനെത്തുടര്‍ന്ന് പരുക്കേറ്റ് കുറെനാളായി ആശുപത്രിയിലായിരുന്നു. മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ റഊഫിനെതിരെ കേസുണ്ടായിരുന്നെന്നും സഹോദരന്‍ പറഞ്ഞു.
കണ്ണൂര്‍ ആദികടലായിയില്‍ വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് വെത്തിലപ്പള്ളി സ്വദേശി റൗഫ് (26) കൊല്ലപ്പെട്ടത്. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികളും കുടുംബവും പറയുന്നു.