Palakkad
പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിനുകളെന്ന് മന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി : പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിനുകൾ ആരംഭിക്കാമെന്നും പാലക്കാട് ഷൊർണൂർ സ്റ്റേഷനുകളിൽ പിറ്റ്‌ലൈൻ സ്ഥാപിക്കാമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉറപ്പുനൽകിയതായി വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു. പാലക്കാടിന്റെ
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്.
450 കോടി രൂപ മുടക്കി നാല് വർഷം മുൻപ് ബ്രോഡ്‌ഗേജ് ആക്കിമാറ്റിയ പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിനുകൾ ആരംഭിച്ചാൽ മംഗലാപുരം തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം വർധിപ്പിക്കാമെന്നും മൂകാംബിക, ഏർവാടി, പഴനി, മധുര, രാമേശ്വരം തുടങ്ങി തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്രാസൗകര്യം വർധിപ്പിക്കാമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടിയിരുന്നു.
പാലക്കാട് ഷൊർണൂർ ജംഗ്ഷനുകളിലെ പിറ്റ്‌ലൈൻ പദ്ധതി നടപ്പാക്കാമെന്നും മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ശ്രീകണ്ഠൻ പറഞ്ഞു. ദീർഘദൂര ട്രെയിനുകൾ മറ്റിടങ്ങളിൽ നിന്നും ഇവിടേക്ക് നീട്ടാനും പുതിയ ട്രെയിനുകൾ ആരംഭിക്കാനും തടസ്സമായി നിൽക്കുന്നത് പിറ്റ്‌ലൈനിന്റെ കുറവാണ്.