വഹാബിനെതിരെ യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ്; രാജിവെച്ച് ഒഴിയുന്നതാണ് നല്ലത്

Posted on: July 31, 2019 9:47 pm | Last updated: August 1, 2019 at 10:21 am

കോഴിക്കോട്: രാജ്യഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ച ദിവസം ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എം പി വി അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍. നിര്‍ണായക സമയത്ത് പാര്‍ലമെന്റില്‍ ലീഗ് എം പിമാര്‍ ഹാജരാകാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എം പിമാരെ അങ്ങോട്ട് പറഞ്ഞയക്കുന്നത്.

എത്രയോ സമയമുണ്ടായിട്ട് അവിടെ എത്താതിരുന്നത് അംഗീകരിക്കാനാവില്ല. സംഘടനയുടെ നിലപാട് പറയാന്‍ അത് വഴി കഴിഞ്ഞില്ല. അതിന്റെ പൂര്‍ണ ഉത്തരവാദി അദ്ദേഹം തന്നെയാണ്. വലിയ പ്രയാസത്തിലാണ് പാര്‍ട്ടി. ഇങ്ങനെ വിഷയം വരുമ്പോള്‍ അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടത്. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സമയത്ത് ലീഗ് എം പിമാര്‍ കൃത്യവിലോപം കാണിക്കുന്ന സംഭവങ്ങള്‍ തുടരുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനെ തുടര്‍ന്നാണ് അബ്ദുല്‍ വഹാബിന് പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ കഴിയാതെ പോയത്. സഭയിലില്ലാത്തതിനെത്തുടര്‍ന്ന് അവസരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് അദ്ദേഹം എത്തിയത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.