Connect with us

National

ഉന്നാവോ പീഡന ഇരയും കുടുംബവും അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സി ബി ഐ നിഗമനം

Published

|

Last Updated

ലഖ്‌നോ:ബി ജെ പി എം എല്‍ എക്കെതിരെ ലൈഗിക പീഡന പരാതി ഉന്നയിച്ച ഉന്നാവോ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കിലിടിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സി ബി ഐ പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന് മുമ്പും ശേഷവും നടന്ന സംഭവങ്ങള്‍ വിലയിരുത്തിയാണ് സി ബി ഐ നിഗമനം.
വാഹനാപകടത്തിന് മുമ്പ് പെണ്‍കുട്ടി സഞ്ചരിച്ച കാറിന് മുന്നിലൂടെ കൃത്യമായ നിര്‍ദേശം നല്‍കി കൊണ്ട് ഒരു ബൈക്ക് യാത്രികന്‍ പോയിരുന്നു. അപകടത്തിന് ശേഷം തൊട്ടുപിന്നാലെ ഒരു കാറിലെത്തിയ സംഘം അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

നേരത്തെ ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്‌സാക്ഷി മൊഴികള്‍ പുറത്തുവന്നിരുന്നു.

വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവിന്റെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. നല്ല മഴയുള്ള സമയത്താണ് അപകടം നടന്നതെന്നും തെറ്റായ ദിശയിലൂടെ വലിയ സ്പീഡില്‍ എത്തിയ ട്രക്ക് കാറിനെ ഇടിക്കുന്നതാണ് കണ്ടതെന്ന് മറ്റൊരു കട ഉടമയും മൊഴി നല്‍കിയിട്ടുണ്ട്. പൊരേദൗലി ക്രോസിംഗില്‍ അപകടകരമായ രീതിയിലുള്ള ഒരു വളവുണ്ട്. കാറിന് അഭിമുഖമായി അതേ ദിശയിലാണ് ട്രക്ക് വന്നത്. അമിത വേഗതയില്‍ എത്തിയ ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിക്കുന്നതാണ് പിന്നീട് കണ്ടതെന്ന് ചന്ദ്ര യാദവ് എന്നയാള്‍ പറഞ്ഞു.

10 മീറ്ററോളം ദൂരം ട്രക്ക് കാറിനെ വലിച്ചുകൊണ്ടുപോയി. അതിന് ശേഷമാണ് വാഹനം നിന്നത്. അപകടം കണ്ടയുടനെ ഞങ്ങളില്‍ ചിലര്‍ കാറിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

 

Latest