Connect with us

Kerala

ചാവക്കാട് കൊലപാതകം; എസ് ഡി പി ഐക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോണ്‍ഗ്രസ്‌

Published

|

Last Updated

തിരുവനന്തപുരം: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എസ് ഡി പി ഐ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സംസ്ഥാന സര്‍ക്കാര്‍ എസ് ഡി പിഐയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. മഹാരാജാസ് കോളജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ എസ് ഡി പി ഐയെ നിയമപരമായി നേരിടണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

എസ് ഡി പി ഐ കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടി പറഞ്ഞു. ഇത്തരം നീക്കങ്ങളെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കും. അക്രമത്തിന് പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. .

കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. എസ്.ഡി.പി.ഐ യുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണം. നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സംഭവത്തില്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നു പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ചാവക്കാട് ആക്രമണം പോലീസിന്റെ വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. നിരന്തരം സംഘര്‍ഷമുണ്ടാകുന്ന തീരദേശ മേഖലയില്‍ പോലീസ് ജാഗ്രത കാണിച്ചില്ല. ചൊവ്വാഴ്ചയാണ് തൃശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരിലൊരാള്‍ ഇന്ന് മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest