Connect with us

National

സിദ്ധാര്‍ഥ പരാജിത സാമ്പത്തിക വ്യവസ്ഥയുടെ ഇര; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാപ്പി ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി ജി സിദ്ദാര്‍ഥയുടെ മൃതദേഹം നേത്രാവതി നദിയില്‍ നിന്നു കണ്ടെടുത്തതിനു പിന്നാലെ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്തിന്റെ പരാജിത സമ്പദ് വ്യവസ്ഥയുടെ ഇരയാണ് സിദ്ധാര്‍ഥയെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു. സാമ്പത്തിക രംഗത്തെ ഇത്രയും ദയനീയമായ അവസ്ഥയിലേക്ക് തള്ളിവിട്ടത് ഭരണത്തിലുള്ള ബി ജെ പി സര്‍ക്കാറും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

സുദൃഢവും സ്വതന്ത്രവും സങ്കീര്‍ണതകളില്ലാത്തതുമായ സമ്പദ് വ്യവസ്ഥ നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ച് വോട്ടു ചെയ്ത ജനങ്ങളെ മോദി വഞ്ചിച്ചിരിക്കുകയാണെന്ന് സിങ്‌വി കുറ്റപ്പെടുത്തി. ബി ജെ പിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്ത് തൊഴിലില്ലായ്മ വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓഹരി വിപണിയുടെ തകര്‍ച്ചക്കു പുറമെ, സര്‍ചാര്‍ജുകള്‍, അമിത നികുതി തുടങ്ങിയവ കാരണം സാമ്പത്തിക മേഖല പരിതാപകരമായ അവസ്ഥയിലാണ്. സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നമ്മുടെ ഏറ്റവും വലിയ ശക്തിയായ യുവജനതയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ പോവുകയാണ്.

പരാജയപ്പെട്ട ധനകാര്യ രംഗം, വളരുന്ന തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ എന്നിവയില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടുന്നതിന് ഭൂരിപക്ഷ, ന്യൂനപക്ഷ കാര്‍ഡുകള്‍ മാറിമാറി പ്രയോഗിക്കുകയാണ് മോദി ചെയ്യുന്നതെന്നും സിങ്‌വി ആരോപിച്ചു. കശ്മീര്‍, പാക്കിസ്ഥാന്‍, മുസ്‌ലിം സ്ത്രീ, രാമന്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest