നിയമം പ്രതിയുടെ കൈപ്പിടിയില്‍?

Posted on: July 31, 2019 12:58 pm | Last updated: July 31, 2019 at 12:58 pm

അതീവ ദുരൂഹമാണ് ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവം. ഉന്നാവോയില്‍ ബി ജെ പി. എം എല്‍ എയുടെ പീഡനത്തിനിരയായതായി പറയപ്പെടുന്ന പെണ്‍കുട്ടിയും അമ്മയും ബന്ധുവും അവരുടെ അഭിഭാഷകനും റായ്ബറേലി ജയിലില്‍ കഴിയുന്ന ബന്ധുവായ മഹേഷ് സിംഗിനെ കാണാന്‍ കാറില്‍ യാത്ര ചെയ്യവെയാണ് ഇവരുടെ വാഹനത്തില്‍ ഒരു ട്രക്ക് ശക്തിയായി വന്നിടിച്ചത്. അമ്മയും ബന്ധുവും തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയും അഭിഭാഷകനും ലക്‌നോവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അവിചാരിതമല്ല അപകടം, കേസിലെ ഇരയെ ഇല്ലാതാക്കാന്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തറപ്പിച്ചു പറയുന്നത്. അപകടം സൃഷ്ടിച്ച ട്രക്കിന്റെ മുമ്പിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റില്‍ നമ്പര്‍ വ്യക്തമാകാതിരിക്കാനായി കറുത്ത പെയിന്റ് തേച്ചിരുന്നുവെന്നതും പെണ്‍കുട്ടിക്കും കുടുംബത്തിനും വീട്ടിലും യാത്രകളിലും സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച പോലീസ് റായ്ബറേലിയിലേക്കു പോകുമ്പോള്‍ അകമ്പടിയുണ്ടായിരുന്നില്ലെന്നതും ഈ സന്ദേഹത്തിനു ബലമേകുകയും ചെയ്യുന്നു. ഇരയായ പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍, ജയിലിലുള്ള കേസിലെ മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് വിവരങ്ങള്‍ നല്‍കിയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് യൂനുസും നേരത്തെ മരണപ്പെട്ടതും ദുരൂഹ സാഹചര്യത്തിലാണ്. പീഡന കേസില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടുപടിക്കല്‍ സമരം ചെയ്തതും ആത്മഹത്യാ ഭീഷണി മുഴക്കിയതും വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇടയാക്കുകയും യോഗി സര്‍ക്കാറിനെയും ബി ജെ പി കേന്ദ്രങ്ങളെയും വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തോക്ക് കൈവശം വെച്ചെന്നാരോപിച്ച് പപ്പു സിംഗിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് അയാള്‍ മരിച്ചതും. യോഗിയുടെ വീട്ടുപടിക്കല്‍ സമരം ചെയ്തതിന്റെ പേരില്‍ എം എല്‍ എയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ അതിക്രൂരമായി തല്ലിച്ചതക്കുന്നത് കണ്ട വ്യക്തിയാണ് യൂനുസ്. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അനുകൂലമായി സാക്ഷി പറയേണ്ട യൂനുസ് കഴിഞ്ഞ ആഗസ്റ്റിലാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈകാതെ മരിച്ചെന്നാണ് ഇതു സംബന്ധിച്ച പോലീസിന്റെ വിശദീകരണം. കേസ് അന്വേഷിക്കുന്ന സി ബി ഐയെ അറിയിക്കാതെ അദ്ദേഹത്തിന്റെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതും വിവാദത്തിനിടയായിരുന്നു.
ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ 2017 ജൂണില്‍ തന്റെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എം എല്‍ എയെ അറസ്റ്റ് ചെയ്യാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മാസങ്ങളോളം പോലീസ് സ്വീകരിച്ചത്. പ്രശ്‌നത്തില്‍ അലഹാബാദ് ഹൈക്കോടതി ഇടപെടുകയും കുറ്റാരോപിതനായ സെന്‍ഗറിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ, ഇല്ലയോ എന്നു വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാറിനോട് കടുപ്പിച്ച സ്വരത്തില്‍ ചോദിക്കുകയും ചെയ്ത ശേഷമാണ് സി ബി ഐ കുല്‍ദീപ് സിംഗിന്റെ വീട്ടിലെത്തി അയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ നിയമം പ്രതിയുടെ കൈപ്പിടിയിലാണോ എന്ന് പോലും കോടതിക്ക് ചോദിക്കേണ്ടി വന്നു.

പ്രമുഖര്‍ (വിശിഷ്യാ സംഘ്പരിവാര്‍ നേതാക്കള്‍) പ്രതികളാകുന്ന കേസിലെ ഇരകള്‍ ആക്രമിക്കപ്പെടലും സാക്ഷികളും അന്വേഷണോദ്യോഗസ്ഥരും ന്യായാധിപന്മാര്‍ പോലും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടലും സാധാരണമായിട്ടുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷന്‍ മുഖ്യപ്രതിയായ സുഹ്‌റാബുദ്ദീന്‍ ശൈഖ് വധക്കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയുടെയും കേസില്‍ വാദം കേട്ട സി ബി ഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെയും മരണം രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്. ഈ കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയ റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്‍ വി എല്‍ സോളങ്കിക്കു നേരെയും ഭീഷണികള്‍ ഉയരുന്നുണ്ട്. തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഗുജറാത്ത് ഡി ജി പി, സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഗുജറാത്ത് ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയവര്‍ക്ക് സോളങ്കി ഹരജി നല്‍കിയിരുന്നു. നിരവധി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, സാക്ഷികള്‍, അന്വേഷണ സംഘത്തെ സഹായിച്ച ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍ തുടങ്ങി 48 പേര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരണപ്പെട്ടു. ഇത്തരം കേസുകളില്‍ ന്യായമായ പരിഹാരം കാണാന്‍ ഭരണഘടനയും നിയമ വ്യവഹാര കേന്ദ്രങ്ങളും തുറന്നിട്ട വഴികള്‍ അടക്കപ്പെടുകയും സത്യസന്ധമായി വിധിപ്രസ്താവം നടത്താന്‍ നിയമ വ്യവഹാര സ്ഥാപനങ്ങള്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത്.
ഈ നില തുടരാന്‍ അനുവദിച്ചാല്‍ നിയമ വ്യവസ്ഥയും നീതിന്യായ നിര്‍വഹണ രംഗവും നോക്കുകുത്തിയായി അവശേഷിക്കും. ഉന്നാവോ കേസിലെ ഒരു സാക്ഷി മരിക്കാനും ഇരയും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയാക്കിയ റായ്ബറേലി വാഹനാപകടവും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കരുത്. ദേശീയ വനിതാ കമ്മീഷന്‍ രേഖാ ശര്‍മ ആവശ്യപ്പെട്ടതു പോലെ ഇതുസംബന്ധിച്ച് സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തുകയും സംഭവത്തില്‍ ഗുഢാലോചനയുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്.