അമ്പലവയല്‍ സദാചാര ആക്രമണം: സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമത്തിനും കേസ്

Posted on: July 30, 2019 3:38 pm | Last updated: July 30, 2019 at 3:38 pm

അമ്പലവയല്‍: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിയെയും മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമത്തിനും കേസെടുത്തു. കൂടാതെ രണ്ട് പേരെക്കൂടി പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സജീവാനന്ദനൊപ്പം ലോഡ്ജിലെത്തി യുവതിയെയും യുവാവിനെയും ശല്യം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെയാണ് പുതിയതായി കേസില്‍ പ്രതി ചേര്‍ത്തത്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യുവതി പോലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ആണ് സജീവാനന്ദനെതിരെ ചുമത്തിയത്. യുവതിയുടെയും യുവാവിന്റെയും രഹസ്യ മൊഴിയെടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇവരെ ശല്ല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജ് വിട്ട് ഇറങ്ങിയ തമിഴ്‌നാട് സ്വദേശികളെ സജീവാനന്ദന്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
അതിനിടെ തമിഴ്‌നാട് സ്വദേശികളുടെ രഹസ്യമൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.