Connect with us

National

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയെ കാണാതായി

Published

|

Last Updated

ബംഗളുരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥയെ കാണാതായി. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരന്‍ കൂടിയായ സിദ്ധാര്‍ഥയെ മംഗളൂരുവില്‍ നേത്രാവതി നദിക്കരികില്‍ വെച്ചാണ് കാണാതായത്.

ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ഥ അയച്ച കത്ത് പുറത്തുവന്നു. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ഥ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും കത്തില്‍ പറയുന്നു.

സിദ്ധാര്‍ഥക്കായി ഇന്നലെ രാത്രി നേത്രാവതി നദയില്‍ നടക്കുന്ന തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്.

തിങ്കളാഴ് ബംഗളൂരുവില്‍ നിന്ന് മംഗളുരുവിലേക്ക് ബിസിനസ് ആവശ്യത്തിനായാണ് യാത്ര തിരിച്ചത്.
മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ഥ് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറത്തിറങ്ങി നേത്രാവതി നദിക്കരയിലേക്ക് പോയ സിദ്ധാര്‍ഥയെ പിന്നീട് കണ്ടില്ലെന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്.
എസ് എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയാണ് സിദ്ധാര്‍ഥിന്റെ ഭാര്യ.