ജി എസ് ടി: ഖജനാവിന്റെ കരുത്ത് ചോരുന്നു

സംസ്ഥാന നികുതി വരുമാനത്തിന്റെ 80 ശതമാനവും ചരക്ക് സേവന നികുതി വകുപ്പില്‍ നിന്നാണ് ലഭിക്കുന്നത്. ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വന്ന ശേഷം കേരളത്തില്‍ നികുതി വരുമാനത്തില്‍ വന്ന കുറവ് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജി എസ് ടിക്ക് മുമ്പ് ദേശീയ ശരാശരിക്ക് മുകളില്‍ നിന്നിരുന്ന കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ച നിലവില്‍ ദേശീയ ശരാശരിക്ക് താഴെയാണ്. ആദ്യ ഘട്ടത്തില്‍ പുതിയ നികുതി സമ്പ്രദായം നടപ്പാക്കിയപ്പോഴുണ്ടായ ആശയക്കുഴപ്പവും തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന വന്‍ തോതിലുള്ള നികുതി വെട്ടിപ്പുമാണ് കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്. ഉത്പാദനം കുറഞ്ഞ സംസ്ഥാനമെന്ന നിലയില്‍ ചരക്ക് സേവന നികുതി സമ്പ്രദായം യഥാര്‍ഥത്തില്‍ കേരളത്തിന് നേട്ടമായാണ് ഭവിക്കേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് യാഥാര്‍ഥ്യമായിട്ടില്ല. മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ ഗള്‍ഫ് വരുമാനത്തില്‍ പ്രകടമായ കുറവും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഉത്പന്നങ്ങള്‍ക്ക് വാറ്റ് നികുതി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ലഭിച്ചിരുന്നതിന്റെ പകുതിയിലും താഴെയാണ് ജി എസ് ടി വഴി ഇപ്പോള്‍ ലഭിച്ചുവരുന്നത്. സംസ്ഥാനത്ത് ഉപയോഗിക്കുന്ന 80 ശതമാനം വസ്തുക്കളും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഖജനാവിന് വരുമാനം നല്‍കിയിരുന്ന ഈ വസ്തുക്കള്‍ വിവിധ വഴികളിലൂടെയാണ് എത്തുന്നതെന്നതിനാല്‍ ഇ വേ ബില്‍ സംവിധാനം പൂര്‍ണമാകാതെ നികുതി പിരിവ് കാര്യക്ഷമമാക്കാനാകില്ല.
Posted on: July 29, 2019 9:22 am | Last updated: July 30, 2019 at 5:27 pm

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ചരക്ക് സേവന നികുതിയെ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കേരളത്തിന് പക്ഷേ, വരുമാനത്തില്‍ വന്‍ തിരിച്ചടിയാണ് ജി എസ് ടി സമ്മാനിച്ചത്. നേരത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നികുതി വരുമാന വളര്‍ച്ചയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന കേരളത്തിന് ജി എസ് ടി വരുന്നതോടെ വലിയ നേട്ടമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അശാസ്ത്രീയവും അപ്രായോഗികവുമായി നടപ്പാക്കിയ ജി എസ് ടി കേരളത്തിന് വന്‍ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പുതിയ നികുതി സമ്പ്രദായത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന വരുമാനം കുത്തനെയിടിയുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതി വരുമാനത്തില്‍ സ്വാഭാവിക വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും ജി എസ് ടിയിലൂടെ ലക്ഷ്യമിട്ടിരുന്ന വരുമാനവളര്‍ച്ച നേടാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പാക്കിയ ശേഷം സംസ്ഥാന സര്‍ക്കാറിനുണ്ടായ നികുതി നഷ്ടം 3,500 കോടിയാണെന്നാണ് ജി എസ് ടി വകുപ്പ് കണക്കുകള്‍ പറയുന്നത്. മുന്‍ കാലങ്ങളിലെ ശരാശരി വാര്‍ഷിക നികുതി വരുമാന വര്‍ധനയുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയിരിക്കുന്നത്. ജി എസ് ടി നടപ്പാക്കിയ 2017 ജൂലൈ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള നഷ്ടമാണിത്. ജി എസ് ടി നടപ്പായപ്പോള്‍ ചെക്‌പോസ്റ്റുകള്‍ ഇല്ലാതായതും പകരം സംവിധാനമായ ഇ വേ ബില്‍ നടപ്പാക്കാന്‍ കാലതാമസമെടുത്തതും ചെക്‌പോസ്റ്റുകളില്‍ വന്‍ തോതില്‍ നികുതി വെട്ടിപ്പിനിടയാക്കി. ഇത്തരത്തില്‍ കോടികളുടെ അന്തര്‍ സംസ്ഥാന ഇടപാടുകളാണ് നടന്നത്.

സംസ്ഥാന നികുതി വരുമാനത്തിന്റെ 80 ശതമാനവും ചരക്ക് സേവന നികുതി വകുപ്പില്‍ നിന്നാണ് ലഭിക്കുന്നത്. ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വന്ന ശേഷം കേരളത്തില്‍ നികുതി വരുമാനത്തില്‍ വന്ന കുറവ് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജി എസ് ടിക്ക് മുമ്പ് ദേശീയ ശരാശരിക്ക് മുകളില്‍ നിന്നിരുന്ന കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ച നിലവില്‍ ദേശീയ ശരാശരിക്ക് താഴെയാണ്. ആദ്യ ഘട്ടത്തില്‍ പുതിയ നികുതി സമ്പ്രദായം നടപ്പാക്കിയപ്പോഴുണ്ടായ ആശയക്കുഴപ്പവും തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന വന്‍ തോതിലുള്ള നികുതി വെട്ടിപ്പുമാണ് കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്. ഉത്പാദനം കുറഞ്ഞ സംസ്ഥാനമെന്ന നിലയില്‍ ചരക്ക് സേവന നികുതി സമ്പ്രദായം യഥാര്‍ഥത്തില്‍ കേരളത്തിന് നേട്ടമായാണ് ഭവിക്കേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് യാഥാര്‍ഥ്യമായിട്ടില്ല. മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ ഗള്‍ഫ് വരുമാനത്തില്‍ പ്രകടമായ കുറവും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ഉത്പന്നങ്ങള്‍ക്ക് വാറ്റ് നികുതി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ലഭിച്ചിരുന്നതിന്റെ പകുതിയിലും താഴെയാണ് ജി എസ് ടി വഴി ഇപ്പോള്‍ ലഭിച്ചുവരുന്നത്. ചരക്ക് സേവന നികുതി സമ്പ്രദായം പൂര്‍ണമാകാത്തതിനാല്‍ നിലവില്‍ ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല.
എന്നാല്‍, ജി എസ് ടിയില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതോടൊപ്പം നികുതി ചോര്‍ച്ചയും സംസ്ഥാന സമ്പദ്ഘടനക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ ധനവകുപ്പ് ഇതിനെ മറികടക്കാന്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ നിര്‍ണായക ഘടകമായിരുന്ന പുകയില ഉത്പന്നങ്ങള്‍, സ്വര്‍ണം, ടൈല്‍സ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയിലെല്ലാം വന്‍ തോതില്‍ നികുതി ചോര്‍ച്ചയാണ് അനുഭവപ്പെട്ടിരിക്കുന്നത്. ഇതില്‍ പുകയില ഉത്പന്നങ്ങളിലെ നികുതി വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. സ്വര്‍ണത്തില്‍ നിന്ന് 2018-19 സാമ്പത്തിക വര്‍ഷം ലഭിച്ചത് 327.02 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 150.07 കോടിയുടെ കുറവാണ് സ്വര്‍ണത്തില്‍ അനുഭവപ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 352 കോടിയിലധികം വരും.

ബില്ലുകള്‍ നല്‍കാതെയുള്ള സ്വര്‍ണ വില്‍പ്പനയും ഇ വേ ബില്‍ ബാധകമല്ലാത്തതിനാല്‍ സ്യൂട്ട്‌കേസ് ഉപയോഗിച്ച് വീടുകളിലെത്തിയുള്ള സ്വര്‍ണ വില്‍പ്പനയും സ്വര്‍ണത്തില്‍ നിന്നുള്ള നികുതി വരുമാന ചോര്‍ച്ചക്ക് കാരണമായിട്ടുണ്ട്.
ഇതോടൊപ്പം പെട്രോള്‍ നികുതി വളര്‍ച്ചയിലും വന്‍ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. 2016- 17 സാമ്പത്തിക വര്‍ഷം 17 ശതമാനമായിരുന്ന പെട്രോള്‍ നികുതി വളര്‍ച്ച 2018ല്‍ 12.5 ശതമാനമായാണ് കുറഞ്ഞത്. 2018-19ല്‍ ഇത് 10.7 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

ജി എസ് ടി സമ്പ്രദായം പൂര്‍ണമാകാത്തതിനാല്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം മുതലെടുത്ത് വ്യാപാരികളും കമ്പനികളും നടത്തുന്ന നികുതി ചോര്‍ച്ചയും സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്ത് നടക്കുന്ന കാര്യങ്ങളും നികുതി വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്നതിനാല്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന 80 ശതമാനം വസ്തുക്കളും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഖജനാവിന് വരുമാനം നല്‍കിയിരുന്ന ഈ വസ്തുക്കള്‍ വിവിധ വഴികളിലൂടെയാണ് എത്തുന്നതെന്നതിനാല്‍ ഇ വേ ബില്‍ സംവിധാനം പൂര്‍ണമാകാതെ നികുതി പിരിവ് കാര്യക്ഷമമാക്കാനാകില്ല. ഇത്തരം വസ്തുക്കളുടെ നികുതി പലരും യഥാര്‍ഥ കണക്കുകള്‍ പ്രകാരമല്ല അടക്കുന്നത്. പുതിയ സംവിധാനത്തില്‍ വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാലേ നികുതി ചോര്‍ച്ച പൂര്‍ണമായി കണ്ടെത്താനാകൂവെന്നതും പരിമിതിയാണ്. നികുതി ചോര്‍ച്ചയിലെ പ്രധാന ഘടകങ്ങളിലൊന്നായ അനധികൃത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിച്ചു പിടിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.

അതിര്‍ത്തികളില്‍ ഇ വേ ബില്ലുകളും വാഹനങ്ങളിലെ ചരക്കും പരിശോധിക്കുന്നതിന് 126 സര്‍വൈലന്‍സ് സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. റിട്ടേണുകള്‍ തിരിച്ചു വന്ന ശേഷമേ ഇത്തരത്തിലെ ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കാനാകൂ. ഒപ്പം ആദ്യ ഘട്ടത്തിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ചെക്‌പോസ്റ്റുകളിലെ പരിശോധനകള്‍ക്ക് പുറമെ ചരക്കുകള്‍ വരുന്ന വഴികളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇതുവഴി ലഭിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് ക്രമക്കേടുകള്‍ കണ്ടെത്താനാകും. ഇതുവഴി 14 ശതമാനം നികുതി വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണം, ടൈല്‍സ്, ഗ്രാനൈറ്റ്, പുകയില ഉത്പന്നങ്ങളില്‍ നിന്നാണ് കൂടുതലും നികുതി ചോരുന്നത്. സംസ്ഥാനത്ത് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 76 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 19 സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് 3.11 കോടി രൂപ പിഴയായി ഈടാക്കി തീര്‍പ്പാക്കിയിരുന്നു. ശേഷിക്കുന്ന സ്ഥാപനങ്ങളുടെ കണക്കുകള്‍ വിശദമായി പരിശോധിച്ചു വരികയാണ്.
2018-19 സാമ്പത്തിക വര്‍ഷം ചരക്കുസേവന നികുതി വകുപ്പില്‍ നിന്ന് ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാന ഖജനാവിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത് 46,795.68 കോടി രൂപയായിരുന്നു. എന്നാല്‍ 43,707.51 കോടി രൂപയാണ് ഖജനാവിലെത്തിയത്. സംസ്ഥാനത്തിന്റെ മൊത്തം വാറ്റ് നികുതി പിരിവിന്റെ ഭൂരിഭാഗവും 14.5 ശതമാനം നിരക്കിലുള്ള വസ്തുക്കളില്‍ നിന്നായിരുന്നു. എന്നാല്‍ ജി എസ് ടി നടപ്പായപ്പോള്‍ റവന്യൂ ന്യൂട്രല്‍ റേറ്റ് 28 ശതമാനം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് കുറച്ചിരുന്നു. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനം ഒമ്പത് ശതമാനമായി കുറഞ്ഞു. ഇതിന് പുറമെ അയല്‍ സംസ്ഥാന ചരക്ക് കൈമാറ്റത്തിന് നല്‍കിയ ഐ ജി എസ് ടി, എസ് ജി എസ് ടി അടക്കുന്നതിന് അതിന്റെ ക്രെഡിറ്റ് ഉപയോഗിക്കുമ്പോള്‍ ഇതിന്റെ നേട്ടം സംസ്ഥാനത്തിന് അടുത്ത മാസം തന്നെ ലഭിക്കേണ്ടതാണ്. എന്നാല്‍ നികുതി റിട്ടേണ്‍ പൂര്‍ണമാകാത്തതിനാല്‍ മുഴുവന്‍ വരുമാനവും ഖജനാവിലേക്കെത്തിയിട്ടില്ല.

ഉപഭോക്താക്കളില്‍ നിന്ന് നികുതി കൃത്യമായി പിരിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് അടക്കാത്ത പ്രവണതയും സംസ്ഥാനത്ത് നികുതി ചോര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ഉപഭോക്താവില്‍ നിന്ന് പിരിച്ച നികുതി ആറ് മാസത്തിനകം കൈവശം വെച്ചിരിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും പല വ്യാപാരികളും ഇത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുകിട റെസ്റ്റോറന്റുകളും സേവന ദാതാക്കളുമാണ് ഇത്തരത്തില്‍ നികുതി അടക്കാന്‍ കാല താമസമെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിക്കുകയും നികുതി അടപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താവില്‍ നിന്ന് നികുതി പിരിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തുന്ന വ്യാപാരികളെ പിടിക്കാനാണ് നടപടി. ഇതിന്റെ ഭാഗമായി നികുതി റിട്ടേണ്‍ സമര്‍പ്പണം വൈകുന്നതിന് പ്രതിദിന പിഴ ഈടാക്കാനും ഒപ്പം വൈകിയ ദിവസങ്ങള്‍ക്ക് 18 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2017 ജൂലൈ മുതലാണ് പലിശ ഈടാക്കുക.