Connect with us

Ongoing News

മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ വഫാത്തായി

Published

|

Last Updated

കാസർകോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മഞ്ഞനാടി അൽമദീന ശിൽപ്പിയും സൂഫിവര്യനുമായ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാർ (72) വഫാത്തായി.  വൈകീട്ട് 3.45ന് മംഗലാപുരം മഞ്ഞനാടിയിലെ വീട്ടിലാണ് അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മഞ്ഞനാടി അൽ മദീന ക്യാമ്പസിൽ നടക്കും.

ഹാക്കത്തൂരിലെ ഓത്തുപള്ളിയിൽ അഹ്‌മദ് മുസ്‌ലിയാരിൽ നിന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ശേഷം കൊണ്ടങ്കേരി, തളിപ്പറമ്പിലെ തിരുവട്ടൂർ, ഉള്ളാളം, ദയൂബന്ദ് എന്നിവിടങ്ങളിൽ പഠനം.

സമസ്‌ത പ്രസിഡന്റായിരുന്ന താജുൽ ഉലമ സയ്യിദ് അബ്‌ദുർറഹ്‌മാൻ അൽ ബുഖാരിയാണ് പ്രധാന ഗുരു. തിരുവട്ടൂർ സി പി മുഹമ്മദ്കുട്ടി മുസ്‌ലിയാർ, കണ്ണിയത്ത് അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാർ ഗുരുനാഥന്മാരാണ്. കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ, ഇ കെ അബൂബക്കർ മുസ്‌ലിയാർ, ഖുത്വുബി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങി സമസ്‌തയുടെ ആദ്യകാല നേതാക്കളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു.
ദയൂബന്ദിൽ നിന്ന് ഖാസിമി ബിരുദം നേടിയ ശേഷം ദേലംപാടിയിലാണ് വിജ്ഞാന സേവനം തുടങ്ങുന്നത്. അഞ്ച് വർഷക്കാലം അവിടെ തുടർന്നു. ശേഷം കർണാടകയിലെ ഉജിറയിൽ മൂന്ന് വർഷം ദർസ് നടത്തി. പിന്നീട് മഞ്ഞനാടിയിൽ 23 വർഷക്കാലം ദർസ് നടത്തി. പിന്നീടാണ് അൽമദീന എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്.
എഴുത്തുകാരൻ കൂടിയായ അദ്ദേഹം 1976 ൽ അറബി മലയാളത്തിൽ രചിച്ച മൻഖൂസ് മൗലിദിന്റെ പരിഭാഷയുടെ ആറ് പതിപ്പുകൾ പുറത്തിറക്കി. അൽബുൻയാനുൽ മർസൂസ് ഫി മൗലിദുൽ മൻസൂർ എന്ന പേരിൽ അറബി ഗ്രന്ഥം രചിച്ചു. ഇത് തുർക്കിയിലെ ഹക്കിക്കത് കിതാബേവി എന്ന പ്രസാധക സ്ഥാപനം പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്തുവരുന്നു.

കുടക് ജില്ലാ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്, കർണാടക ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, മുടിപ്പൂ, ദേർലക്കട്ട സംയുക്ത ജമാഅത്ത് നാഇബ് ഖാസി, മഞ്ഞനാടി അൽമദീന ചെയർമാൻ, കർണാടക സുന്നി കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്, കാഞ്ഞങ്ങാട് മർകസ് അൻവാർ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കുടകിലെ മടിക്കേരിക്കടുത്ത് ഹാക്കത്തൂരിലാണ് ജനനം. പിതാവ്: കാസർകോട് ആദൂരിനടുത്ത് കോട്ടയടി മുഹമ്മദ് കുഞ്ഞി. മാതാവ്: ബീഫാത്വിമ. കാഞ്ഞങ്ങാട് പഴയ കടപ്പുറം സി പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ (മഞ്ഞനാടി ഉസ്താദ്) മകൾ ആസിയ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: അബ്ദുൽ ഖാദിർ സഖാഫി (ജനറൽ മാനേജർ അൽ മദീന), മുഹമ്മദ് കുഞ്ഞി അംജദി(ഡയറക്ടർ അൽ മദീന), അബ്ദുല്ല ദുബൈ, അബൂബക്കർ സിദ്ദീഖ് (എൻജിനീയർ), അബൂ സ്വാലിഹ്, ആഇശ, ഫാതിമ, സൈനബ. മരുമക്കൾ: അബൂബക്കർ മദനി തലക്കി, അബ്‌ദുറഹ്മാൻ മദനി പടന്ന, അബ്‌ദുൽ ജബ്ബാർ മിസ്ബാഹി മൗക്കോട്, സീനത്ത്, ഹബീബ, സഫ്‌വാന.

Also read:

ശറഫുല്‍ ഉലമ: വിശ്രമമില്ലാത്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ -കാന്തപുരം

Latest