തരൂര്‍ പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോണ്‍ഗ്രസ് തലപ്പത്തില്ല: കെ സി വേണുഗോപാല്‍

Posted on: July 29, 2019 10:34 am | Last updated: July 29, 2019 at 12:27 pm

ആലപ്പുഴ: രാഹുല്‍ ഗാന്ധി രാജിവെച്ച എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും ഒരാളെ കണ്ടെത്താത്തിനെ വിമര്‍ശിച്ച ശശി തരൂറിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂരിന്റെ വിമര്‍ശനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാത്രമാണെന്ന് കെ സി പറഞ്ഞു.

പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോണ്‍ഗ്രസ് തലപ്പത്തില്ല. അതുകൊണ്ടു തന്നെ തരൂരിന്റെ പ്രതികരണം സ്വാഭാവികമായി കണ്ടാല്‍ മതിയെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യങ്ങളെല്ലാം നടന്ന് പോകുന്നുണ്ട്. തീരുമാനങ്ങളെല്ലാം എടുക്കുന്നുണ്ട്. അടുത്ത പ്രസിഡന്റ് വരുന്നത് വരെ ചുമതലകള്‍ നിര്‍വ്വഹിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും അത് അനുസരിച്ച് കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്.

അഅധ്യക്ഷന്‍ ചുമതലയൊഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് പ്രവര്‍ത്തക സമിതിക്കാണ് അധികാരം. അതനുസരിച്ച് പ്രവര്‍ത്തക സമിതി അടിയന്തരമായി യോഗം ചേരും. പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് പ്രവര്‍ത്തക സമിതി ചേരുന്നത് വൈകിയതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.