അമ്പലവയല്‍ സദാചാര ആക്രമണം: തമിഴ്‌നാട് സ്വദേശിനികളുടെ മൊഴി രേഖപ്പെടുത്തി

Posted on: July 27, 2019 10:46 pm | Last updated: July 28, 2019 at 12:16 pm

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിയെയും യുവാവിനെയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദന്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. യുവതി താമസിക്കുന്ന കോയമ്പത്തൂരിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി സജീവാനന്ദന്‍ തങ്ങളെ ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ഇരുവരും മൊഴി നല്‍കിയത്.

ലോഡ്ജില്‍ വന്ന് ശല്യം ചെയ്തപ്പോള്‍ എതിര്‍ത്തതിന് സജീവാനന്ദന്‍ പകയോടെ റോഡില്‍ കാത്തുനിന്ന് അക്രമിക്കുകയായിരുന്നു. തങ്ങള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റെന്നും ഭയന്നിട്ടാണ് പരാതി നല്‍കാതിരുന്നത്. മര്‍ദനത്തില്‍ യുവതിയുടെ ചെവിയിലും യുവാവിന്റെ കൈക്കും പരുക്കുണ്ട്. ഇരുവരുടെയും രഹസ്യ മൊഴി വിശദമായി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം തേടാനാണ് അന്വേഷണസംഘം തീരുമാനം. ഇതിനായി വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മര്‍ദ്ദനമേറ്റ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടാണ് അന്വേഷണസംഘം തമിഴ്‌നാട്ടില്‍ എത്തിയത്. ആദ്യ ദിവസം യുവതി പോലീസിനെ കാണാന്‍ കൂട്ടാക്കിയില്ല. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ യുവതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയാണ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന സജീവാനന്ദനെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സജീവാനന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പറ്റ കോടതി തിങ്കളാഴ്ച പരിഗണിക്കും.