രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് കുറ്റം സമ്മതിച്ച് രണ്ടാം പ്രതി രാഹുല്‍

Posted on: July 27, 2019 6:11 pm | Last updated: July 27, 2019 at 9:06 pm

തിരുവനന്തപുരം: അമ്പൂരിയിലെ രാഖി കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ടാം പ്രതി രാഹുലിന്റെ കുറ്റസമ്മതം. രാഖിയെ കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകുയായിരുന്നെന്ന് രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അഖിലാണെന്നും രാഹുല്‍ പോലീസിനോട് പറഞ്ഞു. തന്റെ സഹോദരനായ അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ചത്. കൊലപാതകം ഉറപ്പ് വരുത്തിയ ശേഷം രാഖിയുടെ വസ്ത്രങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രാഖിയെ കാറിയല്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നത്. ആദ്യം വാഹനം ഓടിച്ചിരുന്നത് അഖിലാണ്. വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായതോടെ വാഹനം നിര്‍ത്തി അഖില്‍ പിന്‍സീറ്റിലേക്ക് പോയി. പിന്നെ താന്‍ വാഹനം ഓടിച്ചു. ഇതിനിടെ, മുന്‍സീറ്റിലിരുന്ന രാഖിയുടെ കഴുത്ത് അഖില്‍ ഞെരിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിയ ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കിയത് താനാണ്. രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പിന്നീട് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകായിരുന്നെന്നും രാഹുല്‍ പോലീസിനോട് പറഞ്ഞു.

മലയിന്‍കീഴിലെ ഒളിയിടത്തില്‍ കഴിയുന്നതിനിടെയാണ് രാഹുലിനെ നേരത്തെ പോലീസ് പിടികൂടിയത്. മുഖ്യപ്രതി അഖിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ ശേഷം മുങ്ങിയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. . സൈനികനായ അഖില്‍ ജോലി സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേസില്‍ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഏറെക്കാലമായി അഖിലും രാഖിമോളും അടുപ്പത്തിലായിരുന്നു. അഖിലിന് മറ്റൊരു വിവാഹം കഴിക്കാന്‍ രാഖി തടസം നിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരുമാസം മുമ്പ് കാണാതായ രാഖിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.