വിയ്യൂർ ജയിൽ ബിരിയാണി സദ്യ സൂപ്പർ

Posted on: July 27, 2019 10:07 am | Last updated: July 27, 2019 at 1:09 pm
വിയ്യൂർ സെൻട്രൽ ജയിലിൽ ഫ്രീഡം കോമ്പോ ലഞ്ച് പാക്ക് ചെയ്യുന്ന തടവുകാർ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം കോമ്പോ ലഞ്ച് സൂപ്പർ ഹിറ്റ്. ഈ മാസം 11ന് ആരംഭിച്ച ബിരിയാണി സദ്യ എന്ന പേരിലുള്ള കോമ്പോ ലഞ്ചിന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആവശ്യക്കാരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയുമായി ചേർന്നാണ് ജയിൽ അധികൃതർ സംരംഭത്തിന് തുടക്കം കുറിച്ചത്.

നേരത്തേയുള്ള ജയിൽ ചപ്പാത്തി, ചിക്കൻ വിഭവങ്ങൾക്ക് പുറമെയാണിത്. ചപ്പാത്തിയടക്കമുള്ളവ ജയിലിലെ കൗണ്ടറിൽ നിന്ന് ലഭിക്കുമ്പോൾ കോമ്പോ ലഞ്ചിന് ഓൺലൈൻ വിപണി മാത്രമാണുള്ളത്. 300 ഗ്രാം ബിരിയാണി മൂന്ന് ചപ്പാത്തി, പൊരിച്ച കോഴിക്കാൽ, ചിക്കൻ കറി, സലാഡ്, കപ്പ് കേക്ക്, ഒരു കുപ്പിവെള്ളം എന്നിവയാണ് കോമ്പോ ലഞ്ചിലുള്ളത്. 127 രൂപയാണ് ഇതിന്റെ വില. കുപ്പിവെള്ളം ഒഴിവാക്കിയാൽ 117 രൂപക്ക് കോമ്പോ ലഞ്ച് ലഭിക്കും.

തൃശൂർ നഗരത്തിൽ അഞ്ച് കി.മീറ്റർ ചുറ്റളവിലാണ് വിപണനം. ഓൺലൈനിൽ ഭക്ഷണമെത്തിച്ച് പുതിയ പരീക്ഷണം നടത്തിയത് വൻ വിജയമായതിന്റെ സന്തോഷത്തിലാണ് ജയിൽ അധികൃതർ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബിരിയാണി സദ്യ ഓൺലൈനിലൂടെ വിറ്റ വകയിൽ ഒന്നര ലക്ഷത്തിലേറെ രൂപയുടെ വരുമാനമാണ് സെൻട്രൽ ജയിലിന് ലഭിച്ചത്.